

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, വിവിധ ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വോട്ടെണ്ണൽ ദിനത്തിൽ കാസർകോട്, കൊല്ലം ജില്ലകളിൽ പടക്കങ്ങൾ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും ജില്ലാ കളക്ടർമാർ നിരോധനം ഏർപ്പെടുത്തി. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് പടക്കക്കടകൾ അടച്ചിടാൻ നിർദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലും സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ കോഴിക്കോട് ജില്ലയിൽ ജനങ്ങൾ അനാവശ്യമായി തടിച്ചുകൂടുന്നത് ഒഴിവാക്കാൻ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും കർശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വോട്ടെണ്ണൽ നടപടികൾ ഇങ്ങനെ:
സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു. ആദ്യം പോസ്റ്റൽ ബാലറ്റുകളും 30 മിനിറ്റിന് ശേഷം ഇവിഎം (EVM) വോട്ടുകളും എണ്ണിത്തുടങ്ങും. 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. 20 കമ്പനി കേന്ദ്ര സേന ഉൾപ്പെടെ 32,301 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.