
തിരുവനന്തപുരം: ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിലുള്ള ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചു. കഴിഞ്ഞ ദിവസമാണ് ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിലുള്ള ചില സ്‌കൂളുകളിൽ കുട്ടികളെക്കാെണ്ട് അധ്യാപകരുടെ കാല് കഴുകിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. സംഭവം വിവാദമായിരുന്നു. കാസർകോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തിലും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാവേലിക്കര സ്‌കൂളിൽ നൂറിലധികം അധ്യാപകരുടെ കാലുകളാണ് ഗുരുപൂജയുടെ പേരിൽ കഴുകിച്ചത്.
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാർത്ഥികൾ കഴുകിയത്. അധ്യാപകരുടെ കാലിൽ വെള്ളം തളിച്ച് പൂക്കളിട്ടാണ് കുട്ടികളെക്കാണ്ട് പൂജ ചെയ്യിപ്പിച്ചത്. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ വിരമിച്ച 30 അധ്യാപകരുടെ കാലിലാണ് വിദ്യാർത്ഥികളെ കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജ ചെയ്യിച്ചത്. വിദ്യാർത്ഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തിയ ചിത്രം പുറത്തുവന്നിരുന്നു. ശേഷം, കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാലിൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കിട്ടിയാൽ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.