
പേരാവൂർ: ആറളം ഫാം പുരധിവാസ മേഖലയിൽ വിവിധ ബ്ലോക്കുകളിലെ 11 റോഡുകളുടെ നവീകരണത്തിന് 5.36 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. 3000 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന പുനരധിവാസ മേഖലയിൽ പ്രധാന റോഡുകൾക്ക് പുറമെ നിരവധി ചെറുറോഡുകൾ ഉണ്ടെങ്കിലും ഇതിൽ കുറെ ഭാഗം നവീകരണം കാത്തിരിക്കയാണ്.
ബ്ലോക്ക് 11ൽ കക്കുവപ്പാലം ചത്തുട്ടി റോഡിന്റെ കോൺക്രീറ്റ് പേവ്മെന്റ് പ്രവൃത്തിക്ക് 15 ലക്ഷവും ബ്ലോക്ക് ഏഴിൽ കൈതക്കുന്ന് കേളൻമുക്ക് റോഡിൽ കൽവർട്ടിനും കോൺക്രീറ്റ് പോവ്മെൻ്റിനും 34 ലക്ഷവും വകയിരുത്തി. ചെമ്പൻമുക്ക് ബ്ലോക്ക് വയനാട് മേഖല കൈതത്തോട് റോഡിന് 93.20 ലക്ഷവും ഏഴാം ബ്ലോക്കിൽ ഭഗവതിമുക്ക് പ്ലോട്ട് നമ്പർ ഏഴ് റോഡിനും 16.90 ലക്ഷവും ബ്ലോക്ക് ഒമ്പതിൽ തമ്പായിമുക്ക് ഓട്ടോ വാസു കോർട്ട് റോഡിന് 64.40 ലക്ഷവും മാറ്റിവെച്ചു.
ബ്ലോക്ക് 11ൽ വെള്ളിക്കവല ഗോഡൗൺ റോഡിന് 29.00 ലക്ഷവും ബ്ലോക്ക് ഏഴിൽ എം.ആർ.എസ് ബ്ലോക്ക് 10 കോടതി റോഡിന് 90.50 ലക്ഷവും അനുവദിച്ചു. പുരുഷുവിന്റെ കട കാട്ടിക്കുളം റോഡിന് 30.70 ലക്ഷവും ബ്ലോക്ക് ഒമ്പതിൽ കൈമക്കവല കാളികയം അംഗൻവാടി റോഡിന് 41.30 ലക്ഷവും ബ്ലോക്ക് പത്തിൽ ട്രാൻസ്ഫോർമർമുക്ക് കോർട്ട് റോഡിന് 10.9 ലക്ഷവും ഫോറസ്റ്റ് ഓഫിസ് ജനാർദനൻമുക്ക് റോഡിന് 60.30 ലക്ഷവും അനുവദിച്ചു. സാങ്കേതിക അനുമതി ലഭിച്ച് ടെൻഡർ നടപടി പൂർത്തിയാക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.