

അർജന്റീന– ഓസ്‌ട്രേലിയ സൗഹൃദ ഫുട്‌ബോൾ മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും. നവംബർ 17ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന 18, 19 തീയതികളിലായി ആരംഭിച്ചേക്കും. മെസിയും അർജന്റീന ടീമും നവംബർ 16ന് വൈകിട്ട് കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ പരിശീലനം നടത്തുന്നത് കാണാനുള്ള അവസരവും ആരാധകർക്ക് ലഭിക്കും. എ ആർ റഹ്‌മാന്റെ സംഗീതപരിപാടിയും റാപ്പർ ഹനുമാൻ കൈൻഡിന്റെ പ്രകടനവും 16ന് വേദിയിലെത്തും. ഒപ്പം രാജ്യത്തെതന്നെ ഏറ്റവും വലിയ ഡ്രോൺ ഷോയും നടക്കുമെന്ന് മുഖ്യ സ്‌പോൺസറും റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിൻ പറഞ്ഞു.