
കൊച്ചി: ഏറെക്കാലമായി ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന അർജന്റീനയുടെ കേരളത്തിലെസൗഹൃദ മത്സരത്തിന് എതിരാളി ഓസ്ട്രേലിയ ആകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓസ്ട്രേലിയയും സ്പോൺസറും കരട് കരാർ കൈമാറിയതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്. ലോക റാങ്കിംഗിൽ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളിയാകാൻ സാധ്യത കൂടുതൽ.
അർജന്റീന ടീം മാനേജർ ഡാനിയൽ പബ്രേര ഇന്ന് കൊച്ചിയിലെത്തി സ്റ്റേഡിയം സൗകര്യങ്ങൾ വിലയിരുത്തും. ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് രണ്ടരയോടെ കായിക മന്ത്രി വി. അബ്ദുറഹ്മാനോടൊപ്പം കലൂർ സ്റ്റേഡിയം സന്ദർശിക്കും. നവംബർ 15-ന് അർജന്റീന ടീം കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 15-നും 18-നും ഇടയിലാകും മത്സരം നടക്കുക. ഒരാഴ്ച മുൻപ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ സെക്യൂരിറ്റി ഓഫീസർ സ്റ്റേഡിയം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. ഈ നീക്കങ്ങൾക്കെല്ലാം പിന്നാലെയാണ് അർജന്റീന ടീം മാനേജർ നേരിട്ട് കൊച്ചിയിലേക്ക് എത്തുന്നത്.