

കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം മിമിക്രി സിനിമാ താരം കണ്ണൻ സാഗർ ആരോഗ്യവാനായി തിരിച്ചെത്തുന്നു. അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ തനിക്ക് കരുത്തായത് നടൻ മമ്മൂട്ടിയുടെ കരുതലും ആശുപത്രിയിൽ ലഭിച്ച പരിചരണവുമാണെന്ന് കണ്ണൻ സാഗർ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ പരിശോധനയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിൽ എത്തിയ ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് തന്റെ ജീവിതം തിരികെ നൽകിയവരോടുള്ള കടപ്പാട് താരം ഹൃദയസ്പർശിയായ വാക്കുകളിലൂടെ പങ്കുവെച്ചത്. നടൻ മമ്മൂട്ടിയോടും അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനോടും താൻ എന്നും കടപ്പെട്ടിരിക്കുന്നു എന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.
രാജഗിരി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാരെയും നഴ്സിംഗ് സ്റ്റാഫിനെയും ദൈവതുല്യരായ മനുഷ്യർ എന്നാണ് കണ്ണൻ സാഗർ വിശേഷിപ്പിച്ചത്. ശസ്ത്രക്രിയയുടെ ഞെട്ടലിൽ തളർന്നുപോയ തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന സീനിയർ കൺസൾട്ടന്റ് ഡോ. കെ.കെ. പ്രദീപ്, ഡോ. അക്ഷയ് നാരായൺ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. കെ.എ. കോശി, ഡോ. ഡിബിൻ യു.ആർ, ഫിസിയോതെറാപ്പിസ്റ്റ് ഡോ. മെറിൻ കൂടാതെ പരിചരിച്ച നഴ്സുമാരുടെയും പേരുകൾ എടുത്തു പറയാനും അദ്ദേഹം മറന്നില്ല. "തമാശക്കാർക്ക് ഇത്ര വേദനയെന്തിനാ, ഞങ്ങളൊക്കെയില്ലേ ഇവിടെ" എന്ന നഴ്സുമാരുടെ സ്നേഹവാക്കുകൾ വലിയ ആശ്വാസമാണ് നൽകിയതെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. ഇതിനിടെ 'വാഴ 2', 'ആട് 3' എന്നീ സിനിമകളിലെ അഭിനയത്തിന് ലഭിച്ച അഭിനന്ദനങ്ങൾ വേദനകൾ മറക്കാൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൻ സാഗറിന്റെ രോഗവിവരം നടൻ രമേശ് പിഷാരടിയാണ് മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന 'ഹൃദ്യം' പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ചികിത്സാ കാര്യങ്ങൾ ഏകോപിപ്പിച്ച കെയർ ആൻഡ് ഷെയർ ഡയറക്ടർ റോബർട്ട് കുര്യാക്കോസിനും, ആശുപത്രിയിൽ ജ്യേഷ്ഠനെപ്പോലെ കൂടെനിന്ന കെ.എസ്. പ്രസാദിനും, രക്തദാതാക്കളെ സംഘടിപ്പിക്കാൻ മുന്നിൽ നിന്ന സാജു കൊടിയനും കുറിപ്പിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തുണ്ട്. രോഗമുക്തി നേടി കൂടുതൽ കരുത്തോടെ എത്രയും വേഗം കലാരംഗത്തേക്ക് മടങ്ങിയെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.