
കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് പരാതിയിൽ നടൻമാരായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായാണ് പരിശോധന. റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്.
ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെടുന്നു. ഹിമാചൽ പ്രദേശിലെ ‘എച്ച്പി–52’ റജിസ്ട്രേഷൻ നമ്പറിലാണ് കൂടുതൽ വാഹനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടത്തെ രജിസ്ട്രേഷൻ അതോറിറ്റിയുടെ നിരാക്ഷേപപത്രം (എൻഒസി) ഉൾപ്പെടെയാണ് കേരളത്തിൽ കാറുകൾ വിറ്റതും. കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റർ ചെയ്ത് ‘കെഎൽ’ നമ്പറുകളാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണ് ഭൂട്ടാൻ പട്ടാളം വാഹനങ്ങൾ ഒരുമിച്ച് വിറ്റത്. ഇത്തരം വാഹനങ്ങൾ കേരളത്തിൽ 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.