

തിരുവനന്തപുരം: ഇന്ന് കേരളം 69-ാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ദിവസം കൂടിയാണിത്. മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളപ്പിറവി ആശംസ
കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വർഷങ്ങൾ പൂർത്തിയാവുകയാണ്. വിസ്തൃതിയിൽ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കാൻ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികൾ കേരളപ്പിറവി ആഘോഷിക്കുന്നത്.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപംകൊണ്ടതിന്റെ ഓർമ്മ പുതുക്കുന്ന ഈ വേളയിൽ, ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതിച്ചേർക്കേണ്ട ഒരു സുപ്രധാന പ്രഖ്യാപനത്തിന് കൂടി കേരളം സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങൾ മാത്രം കൈവരിച്ചതും, ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ 'അതിദാരിദ്ര്യമുക്ത സംസ്ഥാനം' എന്ന പദവിയിലേക്ക് കേരളം ഉയരുകയാണ്. വെറും കണക്കുകളിലെ നേട്ടത്തിനപ്പുറം, കഴിക്കാൻ ഭക്ഷണമില്ലാത്ത, താമസിക്കാൻ വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാൾപോലും ഈ കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം, ലോകമാകെയുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു മാനവിക മാതൃകയാണിത്.
സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളിൽ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യം. ഈ കേരളപ്പിറവി ദിനത്തിൽ, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവർക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ.