
ആലപ്പുഴ: ചേര്‍ത്തലയിലെ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് ആയുധങ്ങളും ഡീസല്‍ കന്നാസും കണ്ടെത്തി. ഇന്നലെ നടത്തിയ പരിശോധനയിലാണ് കത്തിയും ചുറ്റികയും ഡീസല്‍ കന്നാസുമാണ് കണ്ടെത്തിയത്. ഏറ്റുമാനൂര്‍ വെട്ടിമുകളില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
അതേസമയം ഐഷാ തിരോധനക്കേസിൽ സെബാസ്റ്റ്യന്റെ സുഹൃത്തും ഐഷയുടെ അയല്‍വാസിയുമായ റോസമ്മയെ വീണ്ടും ചോദ്യം ചെയ്യും. കേസില്‍ റോസമ്മയുടെ മൊഴിയില്‍ വൈരുധ്യം ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഐഷയെ സെബാസ്റ്റ്യന് പരിചയപ്പെടുത്തിയത് റോസമ്മ എന്നാണ് വിവരം. എന്നാല്‍ സെബാസ്റ്റ്യനെ പരിചയപ്പെട്ടത് ഐഷ വഴി എന്നായിരുന്നു റോസമ്മയുടെ മൊഴി. റോസമ്മയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് ധാരണ. കോഴിഫാമിന്റെ ലൈസന്‍സിന് അപേക്ഷ നല്‍കാന്‍ റോസമ്മയ്‌ക്കൊപ്പം സെബാസ്റ്റ്യനുമെത്തിയിരുന്നുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്. 2017ല്‍ ഇരുവരും ഒരുമിച്ച് എത്തിയതായി ചേര്‍ത്തല നഗരസഭ ഓഫീസിലെ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പ് ലൈസന്‍സ് ഇല്ലാതെ ആറുമാസം ഫാം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐഷയെ കാണാതായ സംഭവത്തില്‍ റോസമ്മയ്ക്കും സെബാസ്റ്റ്യനും പങ്കുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ഐഷയുടെ സഹോദരന്റെ മക്കള്‍ രംഗത്തെത്തിയിരുന്നു. 2012 മെയ് 13നാണ് ഐഷയെ കാണാതാകുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംശയകരമായ നീക്കങ്ങളാണ് റോസമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സഹോദരന്റെ മക്കളായ ശാസ്താംകവല വെളിയില്‍ എം ഹുസൈനും എം അലിയും ആരോപിച്ചിരുന്നു.