ശ്രീനിവാസന് വിട നല്‍കാന്‍ നാട്; സംസ്‌കാര ചടങ്ങുകള്‍ ഇന്ന്

ഇന്ന് രാവിലെ പത്ത് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട്ടെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകൾ നടക്കും.
ശ്രീനിവാസന് വിട നല്‍കാന്‍ നാട്; സംസ്‌കാര ചടങ്ങുകള്‍ ഇന്ന്
നടന്‍ മമ്മൂട്ടി അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ വീട്ടില്‍ എത്തിയിരുന്നു.
Published on

കൊച്ചി: അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട നല്‍കാന്‍ നാട്. ഇന്ന് രാവിലെ പത്ത് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട്ടെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകൾ നടക്കും. ഇന്നലെ രാവിലെ ഡയാലിസിസിനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്രീനിവാസന് ശ്വാസതടസമുണ്ടായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍വെച്ചായിരുന്നു മരണം. ഈ സമയം ഭാര്യ വിമലയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കണ്ടനാട്ടെ വീട്ടിലേയ്ക്കാണ് ശ്രീനിവാസന്റെ മൃതദേഹം ആദ്യം എത്തിച്ചത്. ഉച്ചവരെ ഇവിടെ പൊതുദര്‍ശനം നടന്നു. ശേഷം എറണാകുളം ടൗണ്‍ ഹാളിലേയ്ക്ക് പൊതുദർശത്തിനായി കൊണ്ടുപോകുകയായിരുന്നു.

ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു വിനീത് വിവരം അറിയുന്നത്. തുടര്‍ന്ന് വിനീത് വീട്ടിലേയ്ക്ക് എത്തുകയായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നായിരുന്നു ധ്യാന്‍ എത്തിയത്. ശ്രീനിവാസന്റെ വിയോഗമറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. നടന്‍ മമ്മൂട്ടി അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ വീട്ടില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് 12.10 ഓടെ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോയി. ഒരു മണിയോടെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു. മമ്മൂട്ടി ഇവിടെയും എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ലാല്‍, സംവിധായകരായ ജോഷി, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, സായികുമാര്‍, ബിന്ദു പണിക്കര്‍, ശ്രീനാഥ് ഭാസി, ഇടവേള ബാബു അടക്കമുള്ളവര്‍ ശ്രീനിവാസന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ടൗണ്‍ ഹാളില്‍ എത്തി. 3.30 ഓടെ ടൗണ്‍ ഹാളിലെ പൊതുദര്‍ശനം അവസാനിച്ചു. തുടര്‍ന്ന് മൃതദേഹം കണ്ടനാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.

Related Stories

No stories found.
Metro Australia
maustralia.com.au