
തിരുവനന്തപുരം: അഗ്‌നിബാധ നിവാരണം, അപകട പ്രതികരണം, വെള്ളപ്പൊക്ക രക്ഷാപ്രവർത്തനം, പ്രഥമ ശുശ്രൂഷ എന്നിങ്ങനെ ഏതു അപകടമേഖലകളിലം ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്ന സിവിൽ ഡിഫൻസ് വോളണ്ടിയർമാരെ കണ്ടിട്ടില്ലേ.. കൃത്യമായ ഏകോപനവും ശാസ്ത്രീയമായ പ്രവർത്തനങ്ങളുമായി ദുരന്തമുഖങ്ങളിൽ എത്തുന്ന ഈ സംഘത്തിലേക്ക് സിവിൽ ഡിഫൻസ് വോളൻറിയർമാർ കൂടി പരിശീലനം പൂർത്തിയാക്കി ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് സേനയുടെ ഭാഗമാകുന്നു. തെരഞ്ഞെടുക്കപ്പെട്ട 3200 പേരിൽ 2250 പേരുടെ പരിശീലനമാണ് പൂർത്തിയായത്. ബാക്കിയുള്ളവർ വരും ദിവസങ്ങളിൽ പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമാകും.
അഗ്‌നിബാധ നിവാരണം, അപകട പ്രതികരണം, വെള്ളപ്പൊക്ക രക്ഷാപ്രവർത്തനം, പ്രഥമ ശുശ്രൂഷ, തിരച്ചിൽ രക്ഷാപ്രവർത്തനം, ദുരന്ത ലഘുകരണ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ 15 ദിവസ പരിശീലനമാണ് പ്രധാനമായും നൽകി വരുന്നത്. തെരഞ്ഞെടുത്ത വോളൻറിയർമാരിൽ വനിതകൾ, ജെസിബി ഓപ്പറേറ്റർ, മത്സ്യത്തൊഴിലാളികൾ, ആദിവാസി മേഖലയിൽ നിന്നുള്ളവർ, നേഴ്‌സ്, വിവിധ തൊഴിൽ മേഖലകളിൽ വൈദഗ്ധ്യമുള്ളവർ എന്നിവർ ഉൾപ്പെടുന്നു. കൃത്യമായ സിലബസ് അനുസരിച്ച് 15 ദിവസത്തെ പരിശീലനമാണ് നൽകുന്നത്. സിലബസിന് പുറമെ നീന്തൽ പരിശീലനം കൂടി നൽകുന്നുണ്ട്.
തദ്ദേശീയമായി ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തകർ എത്തുന്നതിനു മുമ്പ് ആദ്യം എത്തി പ്രാഥമിക രക്ഷാപ്രവർത്തനം നടത്തുന്നതുവഴി അപകടത്തിന്റെ തീവ്രത കുറയ്ക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സിവിൽ ഡിഫൻസ് സജ്ജമാക്കിയിട്ടുള്ളത്. പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പ് മുഖേന അപകട വിവരങ്ങൾ മനസ്സിലാക്കിയാലുടൻ തദ്ദേശീയരായ സിവിൽ ഡിഫൻസ് അംഗങ്ങൾ സംഭവസ്ഥലത്ത് എത്തി പ്രാഥമിക രക്ഷാപ്രവർത്തനം ആരംഭിക്കും. തുടർന്ന് ബന്ധപ്പെട്ട രക്ഷാപ്രവർത്തകരെ അറിയിക്കുകയും വിപുലമായ രീതിയിലുള്ള പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയും ചെയ്യും.
നിലവിൽ 8500 ഓളം സിവിൽ ഡിവൻസ് വോളന്റിയർമാർ സംസ്ഥാനത്താകെ 129 അഗ്‌നിരക്ഷാനിലയങ്ങളിലായി പ്രവർത്തിച്ചുവരുന്നു. അടുത്തഘട്ടമായി 5040 വോളന്റിയർമാരെ സേനയുടെ ഭാഗമാക്കുന്നതിന് വേണ്ടി പരിശീലനം ഉടൻ ആരംഭിക്കും. സിവിൽ ഡിവൻസ് വോളന്റിയർമാരാകുവാൻ താല്പര്യമുള്ള 18 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തികൾക്ക് www.fire.kerala.gov.in മുഖേന രജിസ്റ്റർ ചെയ്യാം.