പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് ഇസ്രായേൽ അംബാസഡർ റൂവെൻ അസാർ

ഗാസയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് പ്രിയങ്ക ഗാന്ധി; വിമർശിച്ച് ഇസ്രായേൽ അംബാസഡർ റൂവെൻ അസാർ
പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് ഇസ്രായേൽ അംബാസഡർ റൂവെൻ അസാർ
Published on

ന്യൂഡൽഹി: ഗാസയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് ഇസ്രായേൽ അംബാസഡർ റൂവെൻ അസാർ. ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് പ്രിയങ്ക എക്‌സിൽ കുറിച്ചതിന് മറുപടിയായിട്ടായിരുന്നു ഇസ്രയേൽ അംബാസഡറുടെ പ്രതികരണം. 60000ത്തിലധികം പേർ കൊല്ലപ്പെട്ടു അതിൽ 18,430 പേർ കുട്ടികളും സ്ത്രീകളുമടങ്ങുന്നവരാണ്. കുട്ടികളെ പട്ടിണിക്കിട്ട് കൊല്ലുകയാണ്. നിശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുന്നത് തന്നെ ഒരു കുറ്റകൃത്യമാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. പലസ്തീൻ ജനതയ്ക്കുമേൽ ഇസ്രായേൽ ഈ വിനാശം അഴിച്ചുവിടുമ്പോൾ ഇന്ത്യൻ സർക്കാർ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും പ്രിയങ്ക പ്രതികരിച്ചിരുന്നു. ഗാസയിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അവരുടെ കൊലപാതകം നിഷ്ഠൂരമാണെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ പ്രിയങ്കയുടെ പ്രതികരണം പങ്കുവെച്ച് മറുപടിയുമായി റൂവെൻ അസാർ രംഗത്ത് വന്നത്. എന്ത് ലജ്ജാകരമാണ് നിങ്ങളുടെ വഞ്ചന. ഇസ്രായേൽ 25000 ഹമാസ് ഭീകരരെ വധിച്ചു. സാധാരണക്കാർക്ക് പിന്നിൽ ഒളിക്കുക. ഒഴിഞ്ഞുപോകാനോ സഹായം സ്വീകരിക്കാനോ ശ്രമിക്കുന്ന ആളുകളെ വെടിവെക്കുക, റോക്കറ്റ് ആക്രമണം നടത്തുക തുടങ്ങിയ ഹമാസിന്റെ ഹീനമായ തന്ത്രങ്ങളാണ് ഈ ഭയാനകമായ ആൾനാശത്തിന് കാരണം. ഇസ്രായേൽ 20 ലക്ഷം ടൺ ഭക്ഷണം ഗാസയിലേക്ക് എത്തിക്കാൻ സൗകര്യമൊരുക്കിയപ്പോൾ ഹമാസ് അത് പിടിച്ചെടുക്കുകയും അവരെ അടിച്ചമർത്തുകയും പട്ടിണി സൃഷ്ടിക്കുകയുമാണുണ്ടായത്. കഴിഞ്ഞ 50 വർഷത്തിനിടെ ഗാസയിലെ ജനസംഖ്യ 450 ശതമാനം വർധിച്ചു. അവിടെ വംശഹത്യയില്ല. ഹമാസിന്റെ കണക്ക് വിശ്വസിക്കരുത് എന്നാണ് റൂവെൻ അസാർ കുറിച്ചത്.

Metro Australia
maustralia.com.au