

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപത്തെ സ്‌ഫോടനത്തിൽ ലോക് നായക് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്‌ഫോടനമുണ്ടായ സ്ഥലത്തും അമിത് ഷാ എത്തുമെന്നാണ് വിവരം. സ്ഫോടനം നടന്നതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് അമിത് ഷാ സംസാരിച്ചതിന് പിന്നാലെയാണ് ആശുപത്രി സന്ദർശനം. സ്‌ഫോടനം സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും വസ്തുതകൾ പരിശോധിച്ച് ജനങ്ങളെ അറിയിക്കുമെന്നും അമിത് ഷാ പറഞ്ഞു. സ്‌ഫോടനം ഉണ്ടായി പത്ത് മിനിറ്റിനകം സുരക്ഷാ സേന സംഭവസ്ഥലത്തെത്തി. എല്ലാതരത്തിലുള്ള പരിശോധനകളും നടക്കുകയാണ്. എല്ലാ സാധ്യതകളും പരിശോധിക്കും. എൻഐഎ, എൻഎസ്ജി എന്നിവ വിഷയം അന്വേഷിക്കുന്നുണ്ട്. സ്‌ഫോടനമുണ്ടായത് ഹ്യുണ്ടായ് ഐ ട്വന്റി കാറിലാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.
ചെങ്കോട്ടയ്ക്ക് സമീപത്തെ സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ തൊട്ടടുത്തുണ്ടായിരുന്ന വാഹനങ്ങളും തകർന്നു. സംഭവം നടന്ന് പത്ത് മിനിറ്റിനകം ഡൽഹി ക്രൈം ബ്രാഞ്ചും ഡൽഹി സ്‌പെഷ്യൽ ബ്രാഞ്ചും സംഭവ സ്ഥലത്തെത്തിയെന്ന് അമിത് ഷാ പറഞ്ഞു. സ്‌ഫോടനത്തിന് പിന്നാലെ ഡൽഹി പൊലീസ് കമ്മീഷണറുമായും ഇന്റലിജൻസ് ബ്യൂറോ മേധാവിയുമായും അമിത് ഷാ സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായുമായി ആശയവിനിമയം നടത്തിയിരുന്നു.
അതേസമയം സ്‌ഫോടനത്തിൽ മരണം 13 ആയി. വൈകീട്ട് 6.52നാണ് ചെങ്കോട്ടയ്ക്ക് സമീപത്തെ റോഡിൽ കാർ പൊട്ടിത്തെറിച്ചത്. തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. പതുക്കെ വന്ന വാഹനം റെഡ് ലൈറ്റിലെത്തിയപ്പോൾ നിർത്തുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൽച പറഞ്ഞു. ആ വാഹനത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനം കാരണം അടുത്ത വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. സ്ഫോടനത്തിൽ കുറച്ച് പേർ മരിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. സാഹചര്യം വിലയിരുത്തുകയാണ്. ആഭ്യന്തര മന്ത്രി വിളിച്ചിട്ടുണ്ട്. അതാത് സമയങ്ങളിൽ അദ്ദേഹത്തെ വിളിച്ച് വിവരമറിയിക്കുന്നുണ്ട്', സതീഷ് ഗോൽച പറഞ്ഞു. ഇരുപതോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. എൻഎസ്ജി ബോംബ് സ്‌ക്വാഡ്, എൻഐഎ, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. ഡൽഹിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഭീകരാക്രമണമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ശക്തിയേറിയ സ്ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള സ്ഫോടനമാണോ എന്ന് പരിശോധിക്കുകയാണ്.
അതേസമയം സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി. ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ 112ൽ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.