അഹമ്മദാബാദ് വിമാന അപകടം: വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണം

അഹമ്മദാബാദ് വിമാന അപകടം: വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണം
Published on

അഹമ്മദാബാദിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട്. ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കാം. താനല്ല ചെയ്തത് എന്നാണ് രണ്ടാമൻ്റെ മറുപടി.

സഹപൈലറ്റ് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാൾ ഇത് നിരീക്ഷിക്കുകയായിരുന്നു. സബർവാൾ ബോയിംഗ് 787 വിമാനം 8600 മണിക്കൂർ പറത്തിയ പൈലറ്റാണ്. കുന്ദർ 1,100 മണിക്കൂർ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു. സർവീസ് തുടങ്ങും മുൻപ് ഇരുവർക്കും മതിയായ വിശ്രമം ലഭിച്ചിരുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോർട്ട് പറയുന്നു.

എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിൽ കണ്ടതിന് പിന്നാലെ ഇത് ഓൺ ചെയ്തിരുന്നു. ഒരു എഞ്ചിൻ ഭാഗികമായി പ്രവർത്തനക്ഷമമായെങ്കിലും രണ്ടാമത്തെ എഞ്ചിൻ പ്രവർത്തിച്ചില്ല. സെക്കൻ്റുകൾക്കുള്ളിൽ തന്നെ വിമാനം തകർന്നുവീഴുകയും ചെയ്തു. ഈ സ്വിച്ച് ആരെങ്കിലും ഓഫ് ചെയ്തതാകാമെന്നാണ് സംശയം. ഇവ യാന്ത്രികമായി പ്രവർത്തിക്കുന്നതല്ല. പൈലറ്റുമാരിൽ ഒരാൾ സ്വിച്ച് ഓഫ് ചെയ്തോയെന്നാണ് ഉയരുന്ന സംശയം.

എഞ്ചിനുകളിലേക്കുള്ള വൈദ്യുതി ബന്ധം നഷ്ടപ്പെട്ടപ്പോൾ, അടിയന്തര ഹൈഡ്രോളിക് പവർ നൽകുന്നതിനായി പ്രൊപ്പല്ലർ പോലുള്ള ഉപകരണമായ റാം എയർ ടർബൈൻ പ്രവർത്തിപ്പിച്ചു. വിമാനം 32 സെക്കൻഡ് മാത്രമാണ് ആകാശത്ത് പറന്നത്. വിമാനത്തിൽ പക്ഷികൾ ഇടിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

Metro Australia
maustralia.com.au