അദാനിക്ക് വൻ ആശ്വാസം; യു.എസിലെ എല്ലാ ക്രിമിനൽ കുറ്റപത്രങ്ങളും പ്രോസിക്യൂഷൻ ഒഴിവാക്കി

കുറ്റാരോപണങ്ങൾ നിലനിർത്താൻ ആവശ്യമായ കൃത്യമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് യു.എസ് പ്രോസിക്യൂട്ടർമാർ കേസ് എന്നെന്നേക്കുമായി റദ്ദാക്കിയത്.
Gautam Adani.
Gautam Adani.PTI
Published on

ന്യൂയോർക്ക്: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരെ ന്യൂയോർക്ക് കോടതിയിൽ നിലനിന്നിരുന്ന എല്ലാ ക്രിമിനൽ കുറ്റപത്രങ്ങളും യു.എസ് നീതിന്യായ വകുപ്പ് പൂർണ്ണമായി ഒഴിവാക്കി. കുറ്റാരോപണങ്ങൾ നിലനിർത്താൻ ആവശ്യമായ കൃത്യമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് യു.എസ് പ്രോസിക്യൂട്ടർമാർ കേസ് എന്നെന്നേക്കുമായി റദ്ദാക്കിയത്. ഇതോടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദാനി ഗ്രൂപ്പിനെതിരെ യു.എസിൽ നിലനിന്നിരുന്ന കടുത്ത നിയമനടപടികൾക്കും തർക്കങ്ങൾക്കുമാണ് പൂർണ്ണമായ വിരാമമായിരിക്കുന്നത്.

ഇന്ത്യയിലെ സൗരോർജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് വിദേശ നിക്ഷേപകരെ വഞ്ചിച്ചുവെന്ന സിവിൽ കേസുകൾ കഴിഞ്ഞ ആഴ്ച യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) ഒത്തുതീർപ്പാക്കിയിരുന്നു. കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ ഗൗതം അദാനി ആറ് മില്യൺ ഡോളറും, സാഗർ അദാനി 12 മില്യൺ ഡോളറും പിഴയൊടുക്കാൻ സമ്മതിച്ചതോടെയാണ് ആ കേസ് തീർന്നത്. ഇതിന് തൊട്ടുപിന്നാലെ, യു.എസ് ട്രഷറി വകുപ്പിന്റെ ഭാഗമായ ഓഫീസ് ഓഫ് ഫോറിൻ അസെറ്റ്സ് കൺട്രോളിന്റെ (OFAC) ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽ.പി.ജി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസും തിങ്കളാഴ്ച ഒത്തുതീർപ്പിലെത്തിയിരുന്നു. ഈ ചട്ടലംഘനത്തിന് 27.5 കോടി ഡോളർ (ഏകദേശം 2648 കോടി രൂപ) പിഴയൊടുക്കാമെന്ന് അദാനി ഗ്രൂപ്പ് സമ്മതിക്കുകയായിരുന്നു.

ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി സൗരോർജ്ജ കരാറുകൾ സ്വന്തമാക്കിയെന്നും ഇത് യു.എസ് നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചുവെന്നും ആരോപിച്ച് 2024-ന്റെ അവസാനത്തിലാണ് യു.എസ് പ്രോസിക്യൂഷൻ അദാനി ഗ്രൂപ്പിനെതിരെ രംഗത്തെത്തിയത്. എന്നാൽ ഈ ആരോപണങ്ങൾക്ക് യു.എസുമായി നേരിട്ട് നിയമപരമായ ബന്ധമില്ലെന്നും കുറ്റങ്ങൾ തെളിയിക്കാനുള്ള തെളിവുകൾ ലഭ്യമല്ലെന്നും പ്രോസിക്യൂട്ടർമാർ ഒടുവിൽ സമ്മതിക്കുകയായിരുന്നു. ക്രിമിനൽ കേസുകൾ പൂർണ്ണമായി ഒഴിവാക്കപ്പെട്ടതും സിവിൽ കേസുകൾ പിഴയൊടുക്കി ഒത്തുതീർപ്പാക്കിയതും അന്താരാഷ്ട്ര വിപണിയിലും ഓഹരി വിപണിയിലും അദാനി ഗ്രൂപ്പിന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

Metro Australia
maustralia.com.au