പുതിയ ബ്ലഡ് ഗ്രൂപ്പുമായി ഇന്ത്യക്കാരി

ലോകത്ത് മറ്റാര്‍ക്കുമില്ലാത്ത ബ്ലഡ് ഗ്രൂപ്പ്; CRIB എന്ന പേരുനല്‍കി ഗവേഷകര്‍
പുതിയ ബ്ലഡ് ഗ്രൂപ്പുമായി ഇന്ത്യക്കാരി
Published on

കര്‍ണാടകയിലെ ഒരു ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയ്ക്കായി എത്തിയ 38 വയസുകാരിക്ക് അപൂര്‍വ്വ ബ്ലഡ് ഗ്രൂപ്പ്. സ്ത്രീയുടെ ബ്ലഡ് ഗ്രൂപ്പ് സാധാരണ ബ്‌ളഡ് ഗ്രൂപ്പായ O RH+ ആയിരുന്നു. എന്നാല്‍ ഈ ബ്ലഡ് ഗ്രൂപ്പ് ലഭ്യമായ ഒരു ഒ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പുകളുമായും പൊരുത്തപ്പെടാതെ വന്നപ്പോള്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി രക്തം റോട്ടറി ബാംഗ്ലൂര്‍ ടിടികെ ബ്ലഡ് സെന്‍ററിലെ അഡ്വാന്‍സ്ഡ് ഇമ്യൂണോ ഹെമറ്റോളി റഫറന്‍സ് ലബോറട്ടറിയിലേക്ക് കൈമാറുകയായിരുന്നു.

ഇവിടെ നടത്തിയ അത്യാധുനിക സീറോളജിക്കല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ അവരുടെ രക്തം ' പാന്റിയാക്ടീവ്' ആണെന്നും ഒരു രക്ത സാമ്പിളുകളുമായും പൊരുത്തപ്പെടുന്നില്ല എന്നും കണ്ടെത്തി. ഇത് ലോകത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ബ്ലഡ് ഗ്രൂപ്പാണെന്ന് തിരിച്ചറിഞ്ഞ സംഘം അവരുടെ കുടുംബാംഗങ്ങളുടെ 20 പേരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു. പക്ഷേ അവയൊന്നും സ്ത്രീയുടേതുമായി പൊരുത്തപ്പെട്ടില്ല.

രക്തത്തിന്റെ ആവശ്യമില്ലാതെ തന്നെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും സ്ത്രീയുടെയും കുടുംബത്തിന്റെയും രക്ത സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി യുകെയിലെ ബ്രിസ്റ്റലിലുളള 'ഇന്റര്‍നാഷണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലബോറട്ടറി' യിലേക്ക് അയച്ചു. പത്ത് മാസത്തെ വിപുലമായ ഗവേഷണത്തിന്റെയും തന്മാത്ര പരിശോധനയുടെയും ഫലമായി മുമ്പ് അറിയപ്പെടാത്ത ആന്റിജന്‍ കണ്ടെത്തിയതായി റോട്ടറി ബാംഗ്ലൂര്‍ ടിടികെ ബ്ലഡ്ഗ്രൂപ്പ് സെന്ററിലെ ഡോ. അങ്കിത് മാഥൂര്‍ പറയുന്നു.

ക്രിബ് (CRIB) ആന്റിജന്‍ ബ്ലഡ്ഗ്രൂപ്പില്‍പ്പെടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ് കര്‍ണാടകക്കാരിയായ (കോലാര്‍ ജില്ല) ഈ സ്ത്രീ. 2025 ജൂണില്‍ ഇറ്റലിയില്‍ നടന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്റെ (ISBT) 35ാം റീജിയണല്‍ കോണ്‍ഗ്രസിലാണ് ഈ കണ്ടുപിടുത്തത്തെക്കുറിച്ച് പ്രഖ്യാപനം നടന്നത്. ബ്ലഡ് ഗ്രൂപ്പിന്റെ പേരിലെ 'CR ' ക്രോമറിനെ പ്രതിനിധീകരിക്കുന്നു. I ഇന്ത്യയേയും B ബംഗളൂരുവിനെയും പ്രതിനിധീകരിക്കുന്നു.

Metro Australia
maustralia.com.au