ഫത്തേപൂരിൽ നവാബ് അബ്ദുൾ സമദിന്റെ ശവകുടീരത്തിന് നേരെ ആക്രമണം

ഈ സ്ഥലം നേരത്തെ അമ്പലമായിരുന്നുവെന്ന് ആരോപിച്ച് ശവകുടീരത്തിനുള്ളില്‍ പൂജ നടത്താന്‍ വിഎച്ച്പിയും ബജ്‌റംഗ്ദളും ശ്രമിച്ചു.
ഫത്തേപൂരിൽ നവാബ് അബ്ദുൾ സമദിന്റെ ശവകുടീരത്തിന് നേരെ ആക്രമണം
Published on

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ സംഘര്‍ഷാവസ്ഥ. ബജ്‌റംഗ്ദള്‍ അടക്കമുള്ള തീവ്ര ഹിന്ദു സംഘടനകൾ നവാബ് അബ്ദുള്‍ സമദിന്റെ ശവകുടീരം അക്രമിച്ചതിനെ തുടർന്നാണ് സംഘർഷം. ഈ സ്ഥലം നേരത്തെ അമ്പലമായിരുന്നുവെന്ന് ആരോപിച്ച് ശവകുടീരത്തിനുള്ളില്‍ പൂജ നടത്താന്‍ വിഎച്ച്പിയും ബജ്‌റംഗ്ദളും ശ്രമിച്ചു. 1000ത്തോളം പേരാണ് കാവിപ്പതാകയുമേന്തി ശവകുടീരത്തിലെത്തിയത്. തുടര്‍ന്ന് വടികള്‍ ഉപയോഗിച്ച് ശവകുടീരം അക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസിനെയും പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി (പിഎസി)യെയും ഉടനടി വിന്യസിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ കെട്ടിടത്തിനും സമീപസ്ഥലങ്ങളിലും പൊലീസ് ബാരിക്കേഡുകള്‍ വിന്യസിച്ചു. ജയ് ശ്രീറാം വിളിച്ച് കൊണ്ടെത്തിയവര്‍ ശവകുടീരത്തിന് മുകളില്‍ കയറി കാവിപ്പതാക സ്ഥാപിച്ചെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

സംഭവത്തില്‍ 10 അറിയാവുന്നവരെയും 150 കണ്ടാലറിയുന്നവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഫത്തേപൂര്‍ എസ്പി അനൂപ് കുമാര്‍ സിങ് പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 200 വര്‍ഷത്തിലധികം പഴക്കമുള്ള ശവകുടീരമാണിത്. നവാബ് അബ്ദുള്‍ സമദിന്റെ ശവകുടീരം നില്‍ക്കുന്നത് കൃഷ്ണന്റെയും ശിവന്റെയും അമ്പലമുണ്ടായിരുന്ന സ്ഥലത്താണെന്ന് അവകാശപ്പെട്ട് ബജ്‌റംഗ്ദള്‍, മത് മന്ദിര്‍ സന്‍രക്ഷണ്‍ സംഘര്‍ഷ് സമിതി തുടങ്ങിയവര്‍ രംഗത്ത് വന്നതോടെയണ് വിവാദം ആരംഭിക്കുന്നത്. 1000 വര്‍ഷം പഴക്കമുള്ള അമ്പലമാണെന്നും അതിനുള്ളില്‍ ശിവലിംഗമുണ്ടെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.

Metro Australia
maustralia.com.au