

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ സഹഉടമയും നടി ശില്‍പ ഷെട്ടിയുടെ പങ്കാളിയുമായ രാജ് കുന്ദ്രയ്ക്കെതിരെ യുകെ കോടതിയെ സമീപിച്ച് രാജസ്ഥാന്‍ റോയല്‍സ് ഉടമ മനോജ് ബദാലെ. ക്ലബ്ബിലെ ഓഹരി മൂല്യം നല്‍കാതെ വഞ്ചിച്ചുവെന്നും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നുമെന്നാണ് കേസ്.
2019 ലെ രഹസ്യ ഒത്തുതീര്‍പ്പ് കരാര്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ലണ്ടന്‍ ആസ്ഥാനമായുള്ള വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് കൂടിയായ മനോജ് ബദാലെയും അദ്ദേഹത്തിന്റെ കമ്പനിയായ എമര്‍ജിംഗ് മീഡിയ വെഞ്ച്വേഴ്സും ലണ്ടന്‍ ഹൈക്കോടതിയില്‍ രാജ് കുന്ദ്രയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. 2008 ലെ പ്രഥമ ഐപിഎല്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സില്‍ കുന്ദ്രയുടെ മുന്‍ ഓഹരികളെ കേന്ദ്രീകരിച്ചാണ് കേസ്.
2015ല്‍ ഐപിഎല്‍ മത്സരങ്ങളിലെ വാതുവെപ്പ് കേസില്‍ രാജസ്ഥാന്‍ റോയല്‍സിനെ രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുന്ദ്രയുടെ ഓഹരികള്‍ കണ്ടുകെട്ടിയിരുന്നു. ഇതിനെതുടര്‍ന്ന് കുന്ദ്രയ്ക്ക് തന്റെ 11.7% ഓഹരികള്‍ നഷ്ടപ്പെടുത്തേണ്ടിവന്നുവെന്ന് ബദാലെയുടെ അഭിഭാഷകന്‍ ആദം സ്പെക്കര്‍ പറഞ്ഞു.
കഴിഞ്ഞ മാസം ബദലെയ്ക്ക് കുന്ദ്ര അപ്രതീക്ഷിതമായി ഇമെയില്‍ അയച്ചതായും, 'എന്റെ 11.7% ഓഹരിയുടെ ശരിയായ മൂല്യം തെറ്റിദ്ധരിപ്പിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്തു' എന്ന് ആരോപിക്കുകയും ചെയ്‌തെന്ന് കോടതിയില്‍ അറിയിച്ചു. കുന്ദ്ര ഇന്ത്യയില്‍ പരാതി നല്‍കിയതായും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് (ബിസിസിഐ) റിപ്പോര്‍ട്ട് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും ബദാലെക്ക് അയച്ച ഇമെയിലില്‍ പറഞ്ഞെന്നും മനോജ് നല്‍കിയ ഹരജിയില്‍ പറയുന്നുണ്ട്.