ആചാരം ലംഘിച്ച് വിവാഹം; ദമ്പതികളെ നിലം ഉഴുകിപ്പിച്ചു, നാടുകടത്തി

ആചാരം ലംഘിച്ച് വിവാഹം; ദമ്പതികളെ നിലം ഉഴുകിപ്പിച്ചു, നാടുകടത്തി

Published on

ഭുവനേശ്വര്‍: ഒഡീഷയിലെ റായഗഡ ജില്ലയിൽ ആചാരങ്ങള്‍ ലംഘിച്ച് വിവാഹം കഴിച്ചതിന് യുവ ദമ്പതികളെ നുകത്തില്‍ കെട്ടി കാളകളെപ്പോലെ നിലം ഉഴുകിപ്പിച്ച് പ്രദേശവാസികള്‍. ഇരുവരെയും ചാട്ടവാറിനടിച്ച് നാടുകടത്തുകയും ചെയ്തു. യുവാവിനെയും യുവതിയെയും വയലില്‍ നുകത്തില്‍ കെട്ടി നിലം ഉഴുകിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാഞ്ചമഞ്ചിര ഗ്രാമത്തില്‍ നിന്നുളള യുവാവും യുവതിയും പ്രണയത്തിലായി, അടുത്തിടെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ യുവാവ് യുവതിയുടെ പിതൃസഹോദരിയുടെ മകനായതിനാല്‍ ചില ഗ്രാമവാസികള്‍ വിവാഹത്തിന് എതിരായിരുന്നു. ആചാരമനുസരിച്ച് പിതൃസഹോദരിയുടെ മകനെ വിവാഹം ചെയ്യുന്നത് നിഷിദ്ധമായാണ് ഗ്രാമീണര്‍ കണക്കാക്കുന്നത്. നാട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് ഇവര്‍ വിവാഹം കഴിച്ചത്.

വലിയൊരു ജനക്കൂട്ടം അവരെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. നുകത്തില്‍ കെട്ടി വലിക്കുന്നതിനിടെ ഇവരെ വടി കൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ട്. ഇതിനുശേഷം ദമ്പതികളെ ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി 'ശുദ്ധീകരണ ചടങ്ങുകള്‍' നടത്തുകയും ചാട്ടവാറിനടിച്ച് നാടുകടത്തുകയുമായിരുന്നു. ഇവരുടെ കുടുംബത്തിനും വിലക്കേര്‍പ്പെടുത്തി. ക്രൂരതയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എസ് പിയുടെ നേതൃത്വത്തില്‍ സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ തേടി. കേസെടുത്ത് എഫ് ഐ ആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് എസ് സ്വാതി കുമാര്‍ പറഞ്ഞു.

Metro Australia
maustralia.com.au