

ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ഗതിനിർണ്ണയ സംവിധാനമായ നാവിക് അഥവാ IRNSS ലെ ഒരു ഉപഗ്രഹം കൂടി നിലച്ചതായി ഐഎസ്ആർഒ. അമേരിക്കയുടെ ജിപിഎസിന് ബദലായി ഐഎസ്ആർഒ വികസിപ്പിച്ച സംവിധാനമാണ് നാവിക്. 2016 മാർച്ചിൽ വിക്ഷേപിച്ച ഐആർഎൻഎസ്എസ് വൺ എഫിന് 10 വർഷകാലാവധിയാണ് ഉണ്ടായിരുന്നെങ്കിലും ഉപഗ്രഹത്തിലെ റുബീഡിയം ആറ്റോമിക് ക്ലോക്ക് ഇന്നലെ നിലച്ചെന്ന് ഐ എസ് ആർ ഒ പ്ര്‌സ്താവനയിൽ വ്യക്തമാക്കി. നാല് ഉപഗ്രഹങ്ങൾ വേണ്ട സ്ഥാനത്ത് മൂന്നു ഉപഗ്രഹങ്ങൾ മാത്രമാണ് ഇപ്പോൾ പ്രവർത്തനക്ഷമമായിട്ടുള്ളത്. നിലവിലുള്ള ഐആർഎൻഎസ്എസ് ഉപഗ്രഹങ്ങൾക്ക് പകരമായി കൂടുതൽ ശേഷിയുള്ള എൻ വി എസ് ശ്രേണിയിലുള്ള അഞ്ച് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതിൽ എൻ വി എസ് -01 വിജയകരമായി വിക്ഷേപിച്ചിരുന്നു. നാവിക് സംവിധാനം ജിപിഎസിനേക്കാൾ കൃത്യതയുള്ളതാണെന്ന് ഐഎസ്ആർഒ അവകാശപ്പെടുന്നത്. ഇന്ത്യ മുഴുവനായും രാജ്യത്തിന്റെ അതിർത്തിക്ക് പുറത്ത് 1500 കിലോമീറ്റർ വരെയും ഇതിന്റെ സേവനം ലഭിക്കുമെന്നതാണ് പ്രത്യേകത. യുദ്ധസാഹചര്യങ്ങളിലും മറ്റും വിദേശ രാജ്യങ്ങളുടെ ജിപിഎസ് സേവനം തടസ്സപ്പെട്ടാലും ഇന്ത്യക്ക് സ്വന്തം സംവിധാനം ഉപയോഗിച്ച് മുന്നോട്ട് പോകാമെന്നതാണ് നാവികിന്റെ തന്ത്രപരമായ പ്രാധാന്യം.