

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയനായ ഭരണത്തലവനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ ആഗോള ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ 'മോണിങ് കൺസൾട്ട്' നടത്തിയ സർവേയിലാണ് മോദി ഒന്നാം സ്ഥാനം നിലനിർത്തിയത്. 2026 മാർച്ച് ആദ്യവാരം ശേഖരിച്ച വിവരങ്ങൾ പ്രകാരം 68 ശതമാനം അംഗീകാര നിരക്കാണ് (Approval Rating) മോദിക്ക് ലഭിച്ചത്. സർവേയിൽ പങ്കെടുത്തവരിൽ 26 ശതമാനം പേർ മാത്രമാണ് അദ്ദേഹത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചത്.
ആഗോളതലത്തിൽ പല പ്രമുഖ നേതാക്കളും ജനപ്രീതിയിൽ പിന്നോട്ട് പോയപ്പോൾ സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ-മ്യുങ് എന്നിവർ 62 ശതമാനം പോയിന്റുകളുമായി മോദിക്ക് തൊട്ടുപിന്നിലെത്തി. അർജന്റീനയുടെ ജാവിയർ മിലെയ് (56%), ജപ്പാൻറെ സനാ ടകൈച്ചി (56%) എന്നിവരും ആദ്യ പത്തിൽ ഇടംപിടിച്ചു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇത്തവണ വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇറാനുമായുള്ള സമീപകാല സംഘർഷങ്ങൾ ട്രംപിന്റെ ജനപ്രീതി കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ. 39 ശതമാനം അംഗീകാരവുമായി പട്ടികയിൽ പതിനാലാം സ്ഥാനത്താണ് ട്രംപ്.
യൂറോപ്യൻ രാജ്യങ്ങളിലെ ഭരണാധികാരികളും സർവേയിൽ വലിയ തിരിച്ചടി നേരിട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർക്ക് 24 ശതമാനവും ജർമ്മനിയുടെ ഫ്രെഡറിക് മെർസിന് 20 ശതമാനവും മാത്രമാണ് പിന്തുണ ലഭിച്ചത്. പട്ടികയിൽ ഏറ്റവും പിന്നിലായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എത്തി. വെറും 17 ശതമാനം പേർ മാത്രമാണ് മാക്രോണിന്റെ നേതൃത്വത്തെ അംഗീകരിച്ചത്. ജനാധിപത്യ രാജ്യങ്ങളിലെ മുതിർന്ന പൗരന്മാരുടെ പ്രതികരണങ്ങൾ ഏഴ് ദിവസത്തെ റോളിംഗ് ശരാശരിയിലൂടെ വിശകലനം ചെയ്താണ് മോണിങ് കൺസൾട്ട് ഈ പട്ടിക തയ്യാറാക്കിയത്.