
ഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ 50 ശതമാനം ഉയർത്തിയതിനു പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെയും താത്പര്യങ്ങളില്‍ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി രാജ്യതാത്പര്യത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കി. ഡല്‍ഹിയില്‍ എം.എസ്. സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് വൻ തിരിച്ചടി നല്കി കഴിഞ്ഞ ആഴ്ച 25 ശതമാനമാണ് തീരുവ ചുമത്തിയത്. തുടർന്ന് റഷ്യയിൽനിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായധനം നല്‍കുകയാണെന്നാണ് ട്രംപ് ആരോപിച്ചത്.
അദ്യം പ്രഖ്യാപിച്ച 25 ശതമാനം തീരുവ വ്യാഴാഴ്‌ച നിലവിൽവരും. 25 ശതമാനം അധികതീരുവ 21 ദിവസത്തിന് ശേഷം അതായത് ഓഗസ്റ്റ് 27നും നിലവിൽ വരും. എണ്ണ വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിനാണ് 21 ദിവസത്തെ സമയം. അതിനുള്ളിൽ പരിഹരിക്കൻ കഴിഞ്ഞില്ലെങ്കിൽ ഓഗസ്റ്റ് 27 മുതൽ ഇന്ത്യയുടെ മൊത്തം തീരുവ 50 ശതമാനമായിരിക്കും. ഇതോടെ അമേരിക്ക ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും എത്തിയിരിക്കുകയാണ്.
കേരളത്തിൽ നിന്നുള്ള കയറ്റുമതിക്കും ഈ തീരമാനം കനത്ത പ്രഹരമാണ് നല്കുക. . സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, കശുവണ്ടി, കയർ, കൂടാതെ ടെക്‌സ്റ്റൈൽ, മരുന്നുനിർമാണം, തുകൽ, ആഭരണങ്ങൾ, വിലപിടിപ്പുള്ള കല്ലുകൾ തുടങ്ങിയവയ്ക്കും ഈ തീരുമാനം ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇന്ത്യൻ ഉത്പന്നങ്ങൾ യുഎസ് വിപണിയിൽ ഇനി ചിലവേറുകയും ചെയ്യും.