മെൽബണിൽ മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി

426 കിലോ ഭാരം വരുന്ന പ്രതിമ ആണ് തകർക്കുകയും മോഷ്ടിക്കുകയും ചെയ്തത്.
മെൽബണിൽ മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി
പ്രതിമയുടെ പാദത്തിന് മുകളിൽനിന്ന് മുറിച്ചെടുത്ത് കഷ്ണങ്ങളാക്കിയാണ് കവർന്നത്. (X)
Published on

മെൽബൺ: റോവില്ലെയിലെ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി സെൻ്ററിന് സമീപം സ്ഥിതിചെയ്യുന്ന മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി. 426 കിലോ ഭാരം വരുന്ന പ്രതിമ ആണ് തകർക്കുകയും മോഷ്ടിക്കുകയും ചെയ്തത്. പ്രതിമയുടെ പാദത്തിന് മുകളിൽനിന്ന് മുറിച്ചെടുത്ത് കഷ്ണങ്ങളാക്കിയാണ് കവർന്നത്. സംഭവത്തെ അപലപിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതിമ കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഓസ്ട്രേലിയൻ അധികൃതരോട് ആവശ്യപ്പെട്ടു. ഓസ്ട്രേലിയ ടുഡേയുടെ റിപ്പോർട്ട് പ്രകാരം, ജനുവരി 12ന് പുലർച്ചെ 12:50 ഓടെയാണ് സംഭവം നടന്നത്. വെങ്കല പ്രതിമ മുറിച്ചെടുത്ത ശേഷം കഷ്ണങ്ങളാക്കിയാണ് കവർന്നതെന്ന് റിപ്പോർട്ടിലുണ്ട്. ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോ‍ർ കൾച്ചറൽ റിലേഷൻസ് സമ്മാനിച്ച പ്രതിമ 2021ൽ ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യ - ഓസ്ട്രേലിയ ശക്തമായ ബന്ധത്തിൻ്റെ ഒരു പ്രതീകമായി പ്രതിമ മാറിയിരുന്നു. ഉദ്ഘാടനം നടന്ന് ദിവസങ്ങൾക്കകം 2021 നവംബറിൽ ഗാന്ധി പ്രതിമ സമാനമായ ആക്രമണം നേരിട്ടിരുന്നു.

Also Read
കുട്ടികളുടെ അരികിൽ കത്തിയും വിഷാംശമുള്ള ലായനികളും; പ്രമുഖ ഡേ കെയർ സെന്ററുകൾ അടച്ചുപൂട്ടുന്നു
മെൽബണിൽ മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി

അതേസമയം നിലവിലെ സംഭവത്തെ ശക്തമായി അപലപിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീ‍ർ ജയ്സ്വാൾ പറ‍ഞ്ഞു. ഓസ്‌ട്രേലിയൻ അധികാരികളോട് വിഷയം ശക്തമായി ഉന്നയിച്ചുവെന്നും കാണാതായ പ്രതിമ വീണ്ടെടുക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. മോഷണത്തിൽ വിക്ടോറിയ പോലീസ് നോക്സ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നു അജ്ഞാത‍ർ ചേർന്നാണ് പ്രതിമ മോഷ്ടിച്ചതെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു. ഇതിനിടെ വെങ്കല പ്രതിമ വിൽക്കാനുള്ള സാഹചര്യം മുന്നിൽകണ്ട് ആക്രി ലോഹ കച്ചവടക്കാർക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്തെങ്കിലും സംശയാസ്പദമായി ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.

Metro Australia
maustralia.com.au