

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. രാഷ്ട്രപത്രി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 30 നാണ് ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. 2027 ജനുവരി ഒന്‍പത് വരെയാണ് കാലാവധി.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, പെഗാസസ് ചാരക്കേസ്, ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം അടക്കം സുപ്രധാന വിധികള്‍ നടത്തിയ ജസ്റ്റിസ് ആണ് സൂര്യകാന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2022-ലെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച ബെഞ്ചില്‍ ജസ്റ്റിസ് കാന്തും അംഗമായിരുന്നു.
ഹരിയാനയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ആദ്യത്തെയാളാണ് സൂര്യകാന്ത്. നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്. സുപ്രീംകോടതി ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂര്യകാന്ത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.