

ഒരാഴ്ചക്കാലത്തോളം നീണ്ട പ്രതിസന്ധികള്‍ക്കൊടുവിൽ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയാണ് ഇൻഡിഗോ വിമാനസർവീസ്. ഡിസംബര്‍ പത്താം തിയതി ബുധനാഴ്ചയോടെ വിമാനസർവീസുകൾ പൂർണ്ണമായും പഴയപോലെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇൻഡിഗോ അറിയിച്ചു.
വെള്ളിയാഴ്ച 706 വിമാനസര്‍വീസുകള്‍ മാത്രം നടത്തിയപ്പോൾ ശനിയാഴ്ച ഇത് 1565 ആയി ഉയർന്നു. ഞായറാഴ്ച 1650 ഓളം സര്‍വീസുകള്‍ നടത്തുമെന്നാണ് നേരത്തെ അധികൃതര്‍ അറിയിച്ചത് ദിവസവും ഏകദേശം 2300 വിമാനസര്‍വീസുകളാണ് ഇൻഡിഗോ നടത്തുന്നത്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലായി തടസ്സപ്പെട്ട വിമാനസര്‍വീസുകൾക്ക് ഇൻഡിഗോ ഇതുവരെ 610 കോടി രൂപയുടെ റീഫണ്ടുകൾ പ്രോസസ്സ് ചെയ്തിട്ടുണ്ട്. റദ്ദാക്കലുകൾ ബാധിച്ച യാത്രകൾ പുനഃക്രമീകരിക്കുന്നതിന് അധിക ഫീസുകളൊന്നും ഈടാക്കില്ല. യാത്രക്കാർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി, റദ്ദാക്കിയതോ ഗുരുതരമായി വൈകിയതോ ആയ വിമാനങ്ങളുടെ എല്ലാ റീഫണ്ടുകളും ഇന്ന് രാത്രി 8 മണിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് മന്ത്രാലയം ഇൻഡിഗോയ്ക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടണ്ട്.
ഡിസംബർ 15 വരെ ബുക്കിംഗുകൾക്കുള്ള റദ്ദാക്കലുകൾക്കും റീഷെഡ്യൂൾ അഭ്യർത്ഥനകൾക്കും പൂർണ്ണ ഇളവ് നൽകുമെന്ന് എയർലൈൻ ആവർത്തിച്ചു. റീഫണ്ട് ചെയ്യുന്നതിനും ലഗേജ് തരംതിരിക്കുന്നതിനുമുള്ള പ്രക്രിയ വേഗത്തിൽ നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ഗോവ എന്നിവടങ്ങളിലെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ചെക്ക്-ഇന്‍, സുരക്ഷാ പരിശോധന, ബോര്‍ഡിംഗ് മേഖലകള്‍ എല്ലാം സുതാര്യമായി പ്രവര്‍ത്തിക്കുന്നു. CISF ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.