ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പുവെക്കും

ഇന്ത്യയിലെ 140 കോടി ഉപഭോക്താക്കളിലേക്ക് ന്യൂസിലന്‍ഡ് ഉല്‍പന്നങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്നത് വഴി കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ഉണ്ടാകുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പുവെക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍(Rueters)
Published on

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പുവെക്കും. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ആണ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ന്യൂസിലന്‍ഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയും ചേര്‍ന്നാണ് തിങ്കളാഴ്ച ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വെച്ച് കരാറില്‍ ഒപ്പുവെക്കുന്നത്. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ പസഫിക് മേഖലയിലേക്കുള്ള ഇന്ത്യയുടെ വ്യാപാര കവാടമായി ന്യൂസിലന്‍ഡ് മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയിലെ 140 കോടി ഉപഭോക്താക്കളിലേക്ക് ന്യൂസിലന്‍ഡ് ഉല്‍പന്നങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്നത് വഴി കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ഉണ്ടാകുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ന്യൂസിലന്‍ഡ് ഇന്ത്യയില്‍ 2000 കോടി ഡോളറിന്റെ (ഏകദേശം 1.6 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ നിക്ഷേപ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ കരാറിലെ ചില ആനുകൂല്യങ്ങള്‍ പിന്‍വലിക്കാന്‍ ഇന്ത്യക്ക് അധികാരമുണ്ടാകും.

ന്യൂസിലന്‍ഡ് ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഉല്‍പന്നങ്ങള്‍ക്കും സീറോ-ഡ്യൂട്ടി (നികുതിയില്ലാത്ത) പ്രവേശനം നല്‍കും. ടെക്‌സ്‌റ്റൈല്‍സ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, എന്‍ജിനീയറിങ് സാധനങ്ങള്‍ എന്നിവയ്ക്ക് ഇത് വലിയ ഗുണമാകും. തിരിച്ച്, ന്യൂസിലന്‍ഡില്‍ നിന്നുള്ള 95% ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇതില്‍ കമ്പിളി, കല്‍ക്കരി, മരം, വൈന്‍, ആപ്പിള്‍, കിവി തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി പാല്‍, തൈര്, ചീസ് തുടങ്ങിയ ഡയറി ഉല്‍പ്പന്നങ്ങളെ കരാറില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ പഞ്ചസാര, ഭക്ഷ്യ എണ്ണകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കും നികുതി ഇളവ് ബാധകമല്ല.

ഐടി, ആരോഗ്യ സംരക്ഷണം, എന്‍ജിനീയറിങ് മേഖലകളിലെ 5,000 ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കായി താല്‍ക്കാലിക തൊഴില്‍ വിസ അനുവദിക്കും. കൂടാതെ യോഗ ഇന്‍സ്ട്രക്ടര്‍മാര്‍, ആയുഷ് വിദഗ്ധര്‍, ഇന്ത്യന്‍ ഷെഫുകള്‍, സംഗീത അധ്യാപകര്‍ എന്നിവര്‍ക്കായി പ്രത്യേക വിസ വിഭാഗങ്ങളും കരാറിലുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 1,000 വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസകളും പ്രതിവര്‍ഷം അനുവദിക്കും. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കുറഞ്ഞ നിരക്കിലാണെങ്കിലും, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 500 കോടി ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. 2025 മാര്‍ച്ചില്‍ ആരംഭിച്ച ചര്‍ച്ചകള്‍ ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി എന്നത് കരാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യയുമായി അതിവേഗം ചര്‍ച്ച പൂര്‍ത്തിയാക്കിയ അപൂര്‍വ്വം കരാറുകളില്‍ ഒന്നാണിത്.

Related Stories

No stories found.
Metro Australia
maustralia.com.au