

ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസ് (UNSW) ഇന്ത്യയിൽ ക്യാമ്പസ് ആരംഭിക്കുന്നതിനായി ഇന്ത്യ തിങ്കളാഴ്ച സമ്മതപത്രം (LoI) നൽകി. വിദ്യാഭ്യാസം, സ്കിൽസ്, ഗവേഷണം, തൊഴിലാളിശക്തി വികസനം എന്നീ മേഖലകളിലുടനീളം ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പുവെച്ച പുതിയ ധാരണാപത്രങ്ങളും കൂടിച്ചേർന്ന്, ഡൽഹിയിൽ നടന്ന മൂന്നാമത്തെ ഓസ്ട്രേലിയ–ഇന്ത്യ എജുക്കേഷൻ ആൻഡ് സ്കിൽസ് കൗൺസിൽ (AIESC) യോഗത്തിന്റെ പ്രധാന നേട്ടങ്ങളായി മാറി.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാനും ഓസ്ട്രേലിയൻ വിദ്യാഭ്യാസമന്ത്രി ജേസൺ ക്ലെയറും യോഗത്തിൽ അധ്യക്ഷ്യത വഹിച്ചു. “പ്രീ-സ്കൂളിൽ നിന്ന് പിഎച്ച്ഡിവരെയായി സഹകരണം വികസിപ്പിക്കാൻ ശക്തമായ അടിത്തറയാണ് ഈ യോഗം ഒരുക്കിയത്,” എന്ന് മന്ത്രി പ്രധാൻ പറഞ്ഞു.
ഓസ്ട്രേലിയയിൽ CBSE സ്കൂളുകളുടെ വളർന്നുവരുന്ന ആവശ്യകത, പ്രീസ്കൂൾ വിദ്യാഭ്യാസം, ടീച്ചർ ട്രെയിനിംഗ്, സ്പോർട്സ് സഹകരണം എന്നിവയാണ് അദ്ദേഹം പ്രധാനമായി ചൂണ്ടിക്കാട്ടിയത്. UNSWയ്ക്ക് അനുമതി ലഭിച്ചതോടെ ഇന്ത്യയിൽ മൊത്തം ഏഴ് ഓസ്ട്രേലിയൻ സർവകലാശാലകൾക്ക് എട്ട് ക്യാമ്പസുകൾ പ്രവർത്തിക്കാനാവും. വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള പുതിയ ചട്ടക്കൂടിനുകീഴിൽ ഏറ്റവും വലിയ സാന്നിധ്യം ഇപ്പോൾ ഓസ്ട്രേലിയക്കാണ്.
“ഇന്ത്യയിൽ ക്യാമ്പസ് സ്ഥാപിക്കാൻ അനുമതി ലഭിച്ച 19 അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ ഏഴെണ്ണം ഓസ്ട്രേലിയൻ സ്ഥാപനങ്ങളാണ്. ഇത്ര ആഴത്തിലുള്ള വിദ്യാഭ്യാസ പങ്കാളിത്തം മറ്റേതൊരു രാജ്യത്തിനുമില്ല,” എന്ന് മന്ത്രി ജേസൺ ക്ലെയർ പറഞ്ഞു. ബാല്യകാല വിദ്യാഭ്യാസം, അധ്യാപക പരിശീലനം, ഓസ്‌ട്രേലിയയിലെ സിബിഎസ്ഇ സ്‌കൂളുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം എന്നിവയ്ക്ക് ഊന്നൽ നൽകി. 2036 ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമവുമായും 2032 ലെ ബ്രിസ്‌ബേൻ ഗെയിംസിനുള്ള ഓസ്‌ട്രേലിയയുടെ തയ്യാറെടുപ്പുകളുമായും ഇത് ബന്ധിപ്പിക്കുന്ന ഒരു പ്രധാന സഹകരണ മേഖലയായി സ്‌പോർട്‌സിനെ അദ്ദേഹം ഉയർത്തിക്കാട്ടി.