

ന്യൂഡൽഹി: റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ വാഹനങ്ങളിൽ വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) സാങ്കേതിക വിദ്യ എത്തിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വാഹനങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്ന സംവിധാനമാണ് വി ടു വി സാങ്കേതിക വിദ്യ. പുതിയ പരിഷ്കാരം എത്തുന്നതോടെ രാജ്യത്തെ റോഡ് സുരക്ഷയിൽ വലിയ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺ ബോർഡ് യുണിറ്റ്(OBU) എന്ന ഉപകരണം വഴിയാണ് വി ടു വി പ്രവർത്തിക്കുന്നത്. ഇത് വാഹനത്തിൽ ഘടിപ്പിക്കുന്നതിലൂടെ വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടികൾ ഒഴിവാക്കാൻ കഴിയും. പുതിയ പരിഷ്കരണത്തിന്റെ മാനദണ്ഡങ്ങൾ അന്തിമ ഘട്ടമെത്തിയാൽ ഒരു വർഷത്തിനുള്ളിൽ ഇത് നിർബന്ധമാക്കാനുള്ള നടപടിയിലേക്ക് കടക്കാനാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) പദ്ധതിയിടുന്നത്.
അപകടസാധ്യതയുള്ള സ്ഥലങ്ങൾ സംബന്ധിച്ചും മുന്നറിയിപ്പ് നൽകാൻ വി ടു വി സാങ്കേതിക വിദ്യക്ക് കഴിയും. ഡൽഹിയിൽ നടന്ന ഗതാഗത വികസന കൗൺസിൽ യോഗത്തിൽ, മറ്റ് റോഡ് സുരക്ഷാ നടപടികൾക്കൊപ്പം V2V ആശയവിനിമയ ഉപകരണത്തിന്റെ നടപ്പാക്കലും ചർച്ച ചെയ്യപ്പെട്ടു. ഈ ഉപകരണത്തിന് 5,000 മുതൽ 7,000 രൂപ വരെ വിലയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. തുടക്കത്തിൽ, പുതിയ വാഹനങ്ങൾക്കാണ് ഈ ഉത്തരവ് ബാധകമാകുക. വിപ്ലവകരമായ നടപടിയാണിതെന്ന് വിശേഷിപ്പിച്ച ഗഡ്കരി, ഇതുവഴി റോഡപകടങ്ങൾ 80 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്ന് പറഞ്ഞു. നാഷണൽ ഫ്രീക്വൻസി അലോക്കേഷൻ പ്ലാനിന് കീഴിൽ, V2V ആശയവിനിമയം നടപ്പിലാക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സ്പെക്ട്രം അംഗീകരിച്ചു.