

2025-ൽ ഇന്ത്യക്കാരുടെ കൗതുകവും, താൽപ്പര്യങ്ങളും, ചിന്താപ്രവണതകളും പ്രതിഫലിപ്പിക്കുന്ന “India’s Year in Search 2025: The A to Z of Trending Searches” റിപ്പോർട്ട് ഗൂഗിൾ പുറത്തിറക്കി. വിനോദം, കായികം, യാത്ര, ഭക്ഷണം, സാങ്കേതികവിദ്യ, ചൂടുപിടിച്ച വാർത്തകൾ തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യയുടെ സെർച്ച് ട്രെൻഡുകൾ ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിനോദമേഖലയിൽ സയ്യാറ സിനിമയിലെ താരങ്ങളായ അനീത് പദ്ദയും അഹാൻ പാണ്ഡേയും ഗൂഗിൾ സെർച്ചിൽ വൻ മുന്നേറ്റമുണ്ടാക്കി. ഫൈനൽ ഡെസ്റ്റിനേഷൻ, കാന്താര എന്നീ സിനിമകളും സ്ക്വിഡ് ഗെയിം പരമ്പരകളും വലിയ രീതിയിൽ തിരച്ചിലിലിടം നേടി. മുതിർന്ന താരം ധർമ്മേന്ദ്ര, സംഗീതജ്ഞൻ സുബീഹ് ഗാർഗ് എന്നിവർക്കായുള്ള ആദരസൂചക തിരച്ചിലുകളും ശ്രദ്ധ നേടി.
ആഴ്ചകളോളം വാർത്തകളിൽ ആധിപത്യം പുലർത്തിയത് മഹാ കുംഭമേള ആയിരുന്നു. അതേസമയം തെകുവ, ഉകാദിചെ മോദക്, ഇഡ്ലി തുടങ്ങിയ ഭക്ഷണങ്ങൾക്കും ഗൂഗിളിൽ വൻ തിരച്ചിലുണ്ടായി.
കൃത്രിമബുദ്ധി രംഗത്ത് ചാറ്റ്ജിപിടി ജനപ്രിയമായിരുന്നെങ്കിലും, ഗൂഗിളിന്റെ ജെമിനൈ ആപ്പാണ് 2025-ലെ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത എഐ ടൂൾ ആയി ഒന്നാം സ്ഥാനത്തെത്തിയത്. ഡീപ്സീക്ക്, പെർപ്ലെക്സിറ്റി, ഗ്രോക്ക്, ജെമിനി നാനോ ബനാന തുടങ്ങിയവയും വലിയ തോതിൽ ചർച്ചയായി.
കായികമേഖലയിൽ പതിവുപോലെ ഐപിഎൽ (IPL) ആണ് 2025-ലെയും നമ്പർ വൺ ട്രെൻഡ് സ്പോർട്‌സ് വിഷയം. വൈഭവ് സൂര്യവംശി, ജെമിമാ റോഡ്രിഗസ്, വിമൻസ് വേൾഡ് കപ്പ് എന്നീ പേരുകളും തിരച്ചിലിൽ മുൻനിരയിലെത്തി.
യാത്രാമേഖലയിൽ വിയറ്റ്‌നാമിലെ ഫൂ ക്വോക് എന്ന ദ്വീപ് ബ്രേക്ക്ഔട്ട് ഡെസ്റ്റിനേഷനായി മാറി. അതേസമയം പോണ്ടിച്ചേരി, ഫൂക്കറ്റ്, ഫിലിപ്പീൻസ് എന്നിവയും കൂടുതൽ തിരച്ചിൽ നേടി.
സോഷ്യൽ മീഡിയയിൽ ഹൽദി ട്രെൻഡ്, മീം ലോകത്ത് “67 മീം”, അർജുൻ കപൂർ മീം, വിഷാൽ മെഗാ മാർട്ട് സെക്യൂരിറ്റി ഗാർഡ് മീം എന്നിവ വൈറലായി.
വാർത്താ മേഖലയിൽ ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം ആക്രമണം, “ceasefire എന്താണ്?” തുടങ്ങിയ ചോദ്യങ്ങളും വൻ തരത്തിൽ തിരച്ചിലിൽ ഇടപിടിച്ചു. വായു മലിനീകരണം, ഭൂചലനം, ഡാണ്ടിയ, ദുർഗാപൂജ പോലുള്ള പ്രാദേശിക ഉത്സവങ്ങളും ഗൂഗിള്‍ ട്രെൻഡിലിടം നേടി.