

ന്യൂഡൽഹി: രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായി റൈറ്റ് ടു ഡിസ്കണക്ട് ബിൽ അവതരിപ്പിച്ച് എഎ റഹീം എംപി. ജോലിസമയം കഴിഞ്ഞാൽ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടേണ്ട എന്ന നിയമമാണ് റൈറ്റ് റ്റു ഡിസ്കണക്ട്. രാജ്യസഭയിൽ ഈ വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് എഎ റഹീം. രാജ്യത്തെ ഐടി, ബാങ്കിങ്, കൺസൾട്ടിങ് അടക്കമുള്ള സ്വകാര്യ മേഖലയിൽ അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും കാരണം ആത്മഹത്യ ചെയ്യുന്നവരുടെയും, മരിക്കുന്നവരുടെയും, വിവിധ ആരോഗ്യ - മാനസിക പ്രശ്നങ്ങൾ നേരിടുന്നവരുടെയും എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് റഹീം എംപി ബിൽ അവതരിപ്പിച്ചത്. ജോലി സമയത്തിന് ശേഷവും ഓഫീസിൽ തുടരാനോ, ഓഫിസിന് പുറത്തിരുന്ന് ഓൺലൈൻ ആയി ജോലിയിൽ തുടരാനോ പലതുയിടത്തും കമ്പനികൾ ജീവനക്കാരെ നിർബന്ധിക്കുന്നുണ്ട്. അവധി ദിവസങ്ങളിലും പലപ്പോഴും ഇത്തരത്തിൽ പല ജീവനക്കാർക്കും സമ്മർദ്ദമുണ്ട്. ഇവയെയെല്ലാം നിയമവിരുദ്ധമാക്കാൻ നിർദേശിക്കുന്നതാണ് റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ. പോർച്ചുഗൽ, ഫ്രാൻസ്, ബെൽജിയം, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ റൈറ്റ് ടു ഡിസ്കണക്ട് നിയമം അടുത്ത കാലത്തായി പാസാക്കിക്കിയിരുന്നു.
ജോലിസമർദ്ദം ഏറ്റവും അധികം നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ നമ്മുടെ രാജ്യത്ത് നിയമ നിർമാണം വൈകരുതെന്നും എംപി ആവശ്യപ്പെട്ടു. എല്ലാ കമ്പനികളും ജീവനക്കാരുടെ ഡിജിറ്റൽ ക്ഷേമം കൂടി ഉറപ്പാക്കണം. അതിനായി, മാനസികാരോഗ്യ കൗൺസലിങ് സംവിധാനങ്ങൾ, ഡിജിറ്റൽ ഡിടോക്സ് സംവിധാനങ്ങൾ തുടങ്ങിയവ ഉറപ്പാക്കാനുള്ള വ്യവസ്ഥകളും അടങ്ങിയതാണ് പുതിയ നിയമം. റൈറ്റ് ടു ഡിസ്കണക്ട് രാജ്യത്ത് അത്യാവശ്യമാണെന്ന് ശൂന്യവേളയിൽ റഹീം എംപി നേരത്തെ ഉന്നയിച്ചിരുന്നു. റൈറ്റ് ടു ഡിസ്കണക്ട് ബില്ലിന് പുറമെ രാജ്യത്തെ കോച്ചിംഗ് സെൻ്ററുകൾ അടക്കമുള്ള വിദ്യാഭ്യാസ കൺസൾട്ടസികളെ നിയന്ത്രിക്കാനുഉള പുതിയ നിയമവും, കാലാവസ്ഥ വ്യതിയാനം മൂലം ഇരകൾക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങളും സർക്കാരിൻ്റെ ഉത്തരവാദിത്തമാക്കാനുള്ള നിയമ ഭേദഗതിയും എഎ റഹീം എംപി രാജ്യസഭയിൽ സ്വകാര്യ ബില്ലുകളായി അവതരിപ്പിച്ചു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഇത്തരം കൺസൾട്ടൻസികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കൗൺസിലുകൾ രൂപീകരിക്കണം. എല്ലാ കൺസൾട്ടൻസികളെയും രജിസ്ട്രേഷന് വിധേയമാക്കുകയും, അവ പരസ്യപ്പെടുത്തുകയും ചെയ്യണം. കൂടാതെ ഇവരുടെ പ്രവർത്തനം സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ പ്രത്യേക ട്രൈബ്യൂണുകൾ സ്ഥാപിക്കണം എന്നീ നിർദേശങ്ങൾ അടങ്ങിയതാണ് എഡ്യൂക്കേഷൻ കൺസൾട്ടൻസീസ് റെഗുലേഷൻ ബിൽ, 2025.
കാലാവസ്ഥ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക ആഘാതങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്ക് മാന്യമായ നഷ്ട പരിഹാരം ഉറപ്പാക്കുന്ന നിയമഭേദഗതിയാണ് എൻവിയോൺമെൻറ് പ്രൊട്ടക്ഷൻ അമെൻഡ്മെന്റ് ബിൽ, 2025. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ , COP27 ൽ UNFCC രൂപീകരിച്ച ലോസ് ആൻഡ് ഡാമേജ് ഫണ്ടിന് സമാനമായി രാജ്യത്ത് ലോസ് ആൻഡ് ഡാമേജ് ഫണ്ട് രൂപീകരിക്കണമെന്നും അത് വഴി സമയ ബന്ധിതമായി പൗരന്മാർക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ഈ ബിൽ ആവശ്യപ്പെടുന്നു.