
സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയാണ് 'പരം സുന്ദരി'. ഒരു റൊമാന്റിക് കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഒരു രംഗത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് വാച്ച് ഡോഡ് ഫൗണ്ടേഷൻ എന്ന ക്രിസ്ത്യൻ സംഘടന. ചിത്രത്തിലെ ഒരു റൊമാന്റിക് ഗാനം പള്ളിയിൽ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗം നീക്കം ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ, മുംബൈ പൊലീസ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, മഹാരാഷ്ട്ര സർക്കാർ എന്നിവയ്ക്ക് വാച്ച് ഡോഡ് ഫൗണ്ടേഷൻ പരാതി നൽകിയിട്ടുണ്ട്. 'ക്രിസ്ത്യാനികളുടെ പവിത്രമായ ആരാധനാലയമാണ് പള്ളി. അത് അസഭ്യമായ ഉള്ളടക്കത്തിനുള്ള വേദിയായി ചിത്രീകരിക്കരുത്' എന്ന് കത്തിൽ പറയുന്നു. ഈ രംഗം സിനിമയിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ പ്രതിഷേധം ഉണ്ടാകുമെന്നും സംഘം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.