
ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി ഓടികൊണ്ടിരിക്കുകയാണ് ബ്രാഡ് പിറ്റ് നായകനായെത്തിയ F1 എന്ന ചിത്രം. ചിത്രത്തിലെ ഒരു പ്രധാന രംഗത്തിൽ താരം അണിയുന്ന വസ്ത്രം ഇന്ത്യൻ മോഡലാണ്. 11.11 എന്ന ഇന്ത്യൻ ബ്രാൻഡിന്റെ ഇൻഡിഗോ നിറമുള്ള ഷർട്ടാണ് ബ്രാഡ് പിറ്റ് അണിയുന്നത്. ഗുജറാത്തിലെ ടാങ്കലിയ നെയ്ത്തിൽ കൈകൊണ്ട് നെയ്ത കോട്ടൺ ഷർട്ടാണ് ഇത്.
ബ്രാഡിന്റെ കഥാപാത്രത്തിന് ഈ ഷർട്ട് അനുയോജ്യമായിരുന്നുവെന്നും ഇന്ത്യൻ ഡ്രസുകൾക്ക് ഇന്ന് വമ്പൻ ഡിമാൻഡാണെന്നും ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറായ ജൂലിയൻ ഡേ പറഞ്ഞു. 'എഫ് വണ്ണിൽ ബ്രാഡിന് ഇത് മികച്ച ഒരു ഡ്രസായിരുന്നു. കഥാപാത്രത്തിന് 11.11 എന്ന ഡ്രസ് അനുയോജ്യമായി. ഈ സോഫ്റ്റ് ഇൻഡിഗോ ടോൺ അദ്ദേഹത്തിന് ചേരുന്ന ഒരു പാലെറ്റായിരുന്നു. ഇന്ത്യൻ ബ്രാൻഡുകൾ ഇപ്പോൾ വളരെ ജനപ്രിയമാണ്. പ്രകൃതിദത്ത തുണിത്തരങ്ങളുടെയും നിറങ്ങളുടെയും ഉപയോഗവും കൈകൊണ്ട് നിർമ്മിച്ച രീതിയും നിലവിലെ പരിതസ്ഥിതിയിൽ വളരെ മികച്ചതാണ്,' ജൂലിയൻ ഡേ പറഞ്ഞു.