ബെംഗളൂരുവിലെ കറന്‍റ് ബിൽ ഷോക്കടിപ്പിച്ചോ? പേടിക്കേണ്ട, കാരണം വിശദീകരിച്ച് ബെസ്കോം
ബെംഗളൂവിൽ ഈ മാസം കറന്‍റ് ബിൽ കിട്ടി ഞെട്ടിയിരിക്കുകയാണ് പലരും. ബിൽ തുകയിലെ പിശകാണോ , സർക്കാരിന്റെ ഗൃഹജ്യോതി പദ്ധതിയുടെ ആനുകൂല്യങ്ങൾ കാണിക്കുന്നിന്നല്ലോ എന്നിങ്ങനെ പല ആശങ്കകളും ആളുകൾക്കുണ്ട്. എന്നാൽ പേടിക്കേണ്ട കാര്യമില്ലെന്നാണ് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (BESCOM) അറിയിച്ചിരിക്കുന്നത്.
ബെസ്കോം നല്കിയ വിശദീകരണം അനുസരിച്ച് സെപ്റ്റംബർ മാസത്തെ ഉപയോഗം കണക്കാക്കി ഒക്ടോബർ ആദ്യ പകുതിയിൽ നല്കുന്ന ബില്ലുകൾ യഥാർത്ഥ മീറ്റർ റീഡിംഗിനെ അടിസ്ഥാനമാക്കിയല്ല സൃഷ്ടിച്ചത്.
ഐ.ടി. വിഭാഗത്തിന്റെ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ മൂലം മീറ്റർ റീഡിംഗ് നടത്താൻ കഴിയാത്തതിനാൽ, കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി ഉപയോഗം അടിസ്ഥാനമാക്കിയുള്ള ബിൽ ആണ് നൽകിയിരിക്കുന്നത്.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പരിധിയിലുള്ള ഉപഭോക്താക്കൾക്കുള്ള വൈദ്യുതി ബില്ലുകൾ കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി ഉപഭോഗത്തെ അടിസ്ഥാനമാക്കിയായിരിക്കും സൃഷ്ടിക്കുകയെന്ന് ഊർജ്ജ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പ്രദേശങ്ങളിൽ ഒക്ടോബർ 1 നും 15 നും ഇടയിൽ മീറ്റർ റീഡിംഗുകൾ നടത്തില്ലെന്ന് ഊർജ്ജ വകുപ്പ് അറിയിച്ചു.
വൈദ്യുതി ബില്ലുകളിലെ നിലവിലെ മാറ്റം ഗൃഹ ജ്യോതി പദ്ധതിയുടെ ആനുകൂല്യങ്ങളെ ബാധിക്കില്ലെന്ന് ബെസ്കോം ഉറപ്പ് നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ബെസ്കോം മിത്ര ആപ്പ്, യുപിഐ ആപ്പുകൾ ഉപയോഗിച്ച് പതിവുപോലെ ബില്ലുകൾ അടയ്ക്കാം, അല്ലെങ്കിൽ അവരുടെ അടുത്തുള്ള സബ്-ഡിവിഷൻ ഓഫീസ് സന്ദർശിക്കാം