
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത യെല്ലോ ലൈനിൽ യാത്രാ സർവീസുകൾ തിങ്കളാഴ്ച (ഓഗസ്റ്റ് 11 ) രാവിലെ ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു.
രണ്ട് ടെർമിനൽ സ്റ്റേഷനുകളിൽ നിന്നുമുള്ള (ആർവി റോഡ്, ബൊമ്മസാന്ദ്ര) ആദ്യ ട്രെയിൻ തിങ്കൾ മുതൽ ശനി വരെ രാവിലെ 6.30 നും ഞായറാഴ്ചകളിൽ രാവിലെ 7 നും പുറപ്പെടും. ഈ മെട്രോ ഇടനാഴിയിലെ 16 സ്റ്റേഷനുകളും പ്രവർത്തനക്ഷമമാകും, ബൊമ്മസാന്ദ്രയിൽ നിന്ന് രാവിലെ 6.30 ന് ശേഷവും ആർവി റോഡിൽ നിന്ന് രാവിലെ 7.10 ന് ശേഷവും ഓരോ 25 മിനിറ്റിലും ട്രെയിനുകൾ ഓടും.
Read More: ബെംഗളൂരു ട്രാഫിക് ഇനിയില്ല: വരൂന്നു 1.5 കിമി തുരങ്കപാത ഹെബ്ബാളിൽ
ബൊമ്മസാന്ദ്ര മെട്രോ സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 10.42 നും ആർവി റോഡിൽ നിന്ന് രാത്രി 11.55 നും ആയിരിക്കും. ഡിമാൻഡ് അനുസരിച്ച് രാത്രി 10 മണിക്ക് ശേഷം ട്രെയിൻ സർവീസ് കുറയും.
സെപ്റ്റംബറിൽ നാലാമത്തെ ട്രെയിൻ സെറ്റ് നിലവിൽ വരുന്നതോടെ ട്രെയിൻ സർവീസുകളുടെ ഇടവേള 20 മിനിറ്റായി മെച്ചപ്പെടും. അടുത്ത വർഷം ആദ്യം പീക്ക്-അവർ ആവൃത്തി 10 മിനിറ്റോ അതിൽ കുറവോ ആയി മെച്ചപ്പെടും. ആർവി റോഡിനും ബൊമ്മസാന്ദ്രക്കും ഇടയിൽ 19.15 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈനിൽ സഞ്ചരിക്കാൻ 35 മിനിറ്റ് സമയമാണ് വേണ്ടത്. ടിക്കറ്റ് നിരക്ക് 60 രൂപയാണ്.