
വിജയവാഡ: ആന്ധ്രാ പ്രദേശ് വിദ്യാഭ്യാസ മന്ത്രിക്ക് ഓസ്ട്രേലിയയിലേക്ക് ക്ഷണം. ആന്ധ്രാപ്രദേശിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾചര്‍ച്ച ചെയ്യുവാനും വിദ്യാഭ്യാസ മാതൃക രൂപപ്പെടുത്തുന്നതിൽ തന്റെ പങ്ക് വിശദീകരിക്കുന്നതിനുമായാണ് ഓസ്‌ട്രേലിയൻ സർക്കാർ ആന്ധ്രാ പ്രദേശ് വിദ്യാഭ്യാസ മന്ത്രി നാരാ ലോകേഷിനെ രാജ്യത്തേയ്ക്ക് ക്ഷണിച്ചത്.
ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ ലോകേഷിന് ക്ഷണക്കത്ത് അയച്ചു. കത്തില്‍ മാനവ വിഭവശേഷി, സാങ്കേതികവിദ്യ, സാമ്പത്തിക വികസനം എന്നീ മേഖലകളിൽ ആന്ധ്രാപ്രദേശിന്റെ നേതൃത്വത്തെ പ്രശംസിക്കുകയും ഓസ്‌ട്രേലിയൻ സർക്കാരിന്റെ പ്രത്യേക സന്ദർശന പരിപാടിയിൽ ലോകേഷിന്റെ പങ്കാളിത്തത്തിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
സന്ദർശന വേളയിൽ, ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ, ഇന്ത്യൻ പ്രവാസികൾ എന്നിവരുമായി മന്ത്രിക്ക് കൂടിക്കാഴ്ച നടത്തുവാനും സാധിക്കും.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ പരിപാടിയുടെ കീഴിൽ, ഓസ്‌ട്രേലിയൻ സർക്കാർ നിരവധി ഇന്ത്യൻ രാഷ്ട്രീയ നേതാക്കളെ രാജ്യത്തേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 2021 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.