
അനിൽ അംബാനി നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായിരിക്കുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ അക്കൗണ്ടുകളെ 'തട്ടിപ്പ്' (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). റിസർവ് ബാങ്കിന് സമർപ്പിക്കാനൊരുങ്ങുന്ന റിപ്പോർട്ടിൽ അനിൽ അംബാനിയുടെ പേരും ഉൾപ്പെടുത്തുമെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ 49,000 കോടി രൂപയുടെ പൊതുപണമാണ് കുടുങ്ങിക്കിടക്കാൻ പോകുന്നത്.
ബാങ്ക് വായ്പ്പകൾ വകമാറ്റി ഉപയോഗിച്ചു എന്ന് കാണിച്ചാണ് ആർകോമിന്‍റെ അക്കൗണ്ടുകൾ തട്ടിപ്പ് ഇനത്തിൽ ഉൾപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. റിലയൻസ് കമ്മ്യൂണിക്കേഷന്റെ മറ്റ് ബാങ്കുകൾക്ക് നേരെയും സമാന നടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
31,580 കോടി രൂപയാണ് വിവിധ ബാങ്കുകളിൽ നിന്നായി ആർകോമും അനുബന്ധ സ്ഥാപനങ്ങളും വായ്പയെടുത്തത്. ഇതിൽ 13,667 കോടി ആർകോമിന്റെ മറ്റ് ബാധ്യതകൾ തീർക്കുന്നതിനായി ഉപയോഗിച്ചു. നിലവിൽ 40,413 കോടി രൂപയാണ് കമ്പനിയുടെ ആകെ കടം എന്ന് റിപ്പോർട്ടുകൾ വിശദമാക്കുന്നു.
വായ്പകൾ നിഷ്‌ക്രിയ ആസ്തിയായതിനെ തുടർന്ന് പാപ്പരത്ത നടപടി നേരിടുന്ന ആർകോം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. കമ്പനിയുടെ ഓഹരികളുടെ വ്യാപാരവും സസ്‌പെൻഡ് ചെയ്തിരുന്നു. ഫ്രോഡ് മുദ്ര ചാർത്തുന്നതിന് മുൻപ് അനിൽ അംബാനിയുമായി സംസാരിക്കുകയോ, ഇതുമായി സംബന്ധിച്ച രേഖകൾ നൽകുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ നിയമസ്ഥാപനം അറിയിച്ചു. ഫ്രോഡ് മുദ്ര ചാർത്താനുള്ള ഉത്തരവ് പിൻവലിക്കണമെന്നും സ്ഥാപനം ആവശ്യപ്പെട്ടിട്ടുണ്ട്.