30 ലക്ഷം തൊഴിലാളികളുടെ ജോലി ഭീഷണിയിലെന്ന് തമിഴ്നാട് ധനകാര്യ മന്ത്രി

നിര്‍മല സീതാരാമന്‍ അധ്യക്ഷനായ വാര്‍ഷിക ബജറ്റിന്റെ പ്രീ കണ്‍സള്‍ട്ടേഷനില്‍ വച്ചായിരുന്നു തമിഴ്‌നാട് ധനകാര്യ മന്ത്രിയുടെ പരാമര്‍ശങ്ങള്‍.
30 ലക്ഷം തൊഴിലാളികളുടെ ജോലി ഭീഷണിയിലെന്ന് തമിഴ്നാട് ധനകാര്യ മന്ത്രി
തമിഴ്‌നാട് ധനകാര്യ മന്ത്രി തങ്കം തെന്നരസു
Published on

ചെന്നൈ: സംസ്ഥാനത്തിന്റെ ധനകാര്യത്തില്‍ ശക്തമായ ആശങ്കകള്‍ ഉന്നയിച്ച് തമിഴ്‌നാട് ധനകാര്യ മന്ത്രി തങ്കം തെന്നരസു. ധനസഹായത്തിലെ കാലതാമസം, ജിഎസ്ടി വന്നതിന് ശേഷമുണ്ടായ വരുമാനത്തിലെ കുറവ്, സമീപ കാലത്ത് അമേരിക്ക താരിഫ് വര്‍ധിപ്പിച്ചതിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു തങ്കം തെന്നരസുവിന്റെ വാദം. നിര്‍മല സീതാരാമന്‍ അധ്യക്ഷനായ വാര്‍ഷിക ബജറ്റിന്റെ പ്രീ കണ്‍സള്‍ട്ടേഷനില്‍ വച്ചായിരുന്നു തമിഴ്‌നാട് ധനകാര്യ മന്ത്രിയുടെ പരാമര്‍ശങ്ങള്‍. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അക്കൗണ്ടിങ് പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇത് തമിഴ്‌നാടിന്റെ സാമ്പത്തിക സൂചികയെ ബാധിക്കുകയും സംസ്ഥാനത്തിന്റെ കടം വാങ്ങാനുള്ള അവസരത്തെ പരിമിതപ്പെടുത്തുകയും ചെയ്തതായി തങ്കം തെന്നരസു പറഞ്ഞു. 2024ല്‍ ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ടത്തിന് അനുമതി നല്‍കിയിരുന്നു. പക്ഷെ ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷവും ഇക്കാര്യത്തില്‍ നീക്ക് പോക്കുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും തങ്കം പറഞ്ഞു. ചെന്നൈ മെട്രോ റെയിലിനായി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 9,500 കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ അക്കൗണ്ടിങ് പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തിന് കടമെടുക്കാനാവുന്ന തുകയില്‍ കുറവുണ്ടായതായും തങ്കം തെന്നരസു പറഞ്ഞു.

Also Read
ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
30 ലക്ഷം തൊഴിലാളികളുടെ ജോലി ഭീഷണിയിലെന്ന് തമിഴ്നാട് ധനകാര്യ മന്ത്രി

അടിസ്ഥാന സൗകര്യത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടാതെ ആഗോള വ്യാപാരത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും തമിഴ്‌നാടിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് തങ്കം തെന്നരസു ചൂണ്ടിക്കാണിച്ചു. അമേരിക്ക ഈയിടെ കയറ്റുമതി തീരുവ വര്‍ധിപ്പിച്ചതിനാല്‍ തമിഴ്‌നാട് വലിയ പ്രതിസന്ധി നേരിടേണ്ടി വരുന്നതെന്ന് തങ്കം തെന്നരസു വ്യക്തമാക്കി. തമിഴ്‌നാടിന്റെ ചരക്ക് കയറ്റുമതിയില്‍ 31 ശതമാനവും പോകുന്നത് അമേരിക്കയിലേക്കാണ്. അതിനാല്‍ കയറ്റുമതി തീരുവ വര്‍ധിപ്പിച്ചതിന്റെ പ്രത്യാഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്നതും തമിഴ്‌നാടാണ്. ഉല്‍പ്പാദന മേഖലയ്ക്കും തൊഴിലാളികള്‍ക്കും ഇതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെയും ടെക്‌സ്റ്റൈല്‍ മേഖലയിലുണ്ടാക്കുന്ന പ്രതികൂല സാഹചര്യത്തെയും അടിവരയിട്ടുകൊണ്ടായിരുന്നു തങ്കം തെന്നരസുവിന്റെ വാക്കുകള്‍. ഇന്ത്യയിലെ ടെക്‌സ്റ്റൈല്‍സ് കയറ്റുമതിയില്‍ 28 ശതമാനവും നടക്കുന്നത് തമിഴ്‌നാട്ടിലാണ്, ഈ മേഖലയില്‍ പ്രതിസന്ധിയുണ്ടായാല്‍ 75 ശതമാനം തൊഴിലാളികളുടെ കാര്യവും അനിശ്ചിതത്വത്തിലാകുമെന്ന് തങ്കം തെന്നരസു പ്രതികരിച്ചു. ഈ സ്ഥിതി തന്നെ തുടര്‍ന്നാല്‍ 30 ലക്ഷത്തോളം തോഴിലാളികള്‍ക്ക് ജോലി നഷ്ടമാകുമെന്നും തങ്കം തെന്നരസു കൂട്ടിച്ചേർത്തു.

Related Stories

No stories found.
Metro Australia
maustralia.com.au