

സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനങ്ങൾ നേരിട്ട് നടൻ അജിത്കുമാർ. ഒരു സോഫ്റ്റ് ഡ്രിങ്ക്സിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതാണ് നടനെതിരെ വ്യാപക വിമർശനത്തിനുള്ള കാരണം. ദീർഘകാലമായി സ്വന്തം സിനിമകളുടെ പ്രചാരണ പരിപാടികളിൽ നിന്നുപോലും വിട്ടുനിൽക്കുന്നയാളാണ് കോളയുടെ പരസ്യത്തിൽ അഭിനയിച്ചത് എന്നതാണ് വിമർശനമുയരാനുള്ള കാരണം. പർപ്പിൾ എനർജി എന്ന സോഫ്റ്റ് ഡ്രിങ്ക്സിന്റെ പരസ്യത്തിലാണ് അജിത് അഭിനയിച്ചത്.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മാധ്യമങ്ങളിൽ നിന്നും സിനിമ പ്രൊമോഷനുകളിൽ നിന്നും പൂർണമായും അകലം പാലിക്കുന്ന വ്യക്തിയാണ് അജിത് കുമാർ. അജിത് നായകനായി എത്തിയ തുനിവ് എന്ന സിനിമയുടെ റിലീസ് സമയത്ത് 'നല്ല സിനിമയ്ക്ക് പ്രൊമോഷൻ ആവശ്യമില്ല, ആ സിനിമ തന്നെയാണ് പ്രൊമോഷൻ' എന്ന അദ്ദേഹത്തിന്റെ നിലപാട് കയ്യടി നേടിയിരുന്നു. എന്നാൽ സ്വന്തം സിനിമകൾക്ക് പോലും നൽകാത്ത പ്രാധാന്യം ഒരു ശീതള പാനീയ ബ്രാൻഡിന്റെ പരസ്യത്തിന് നൽകിയത് അദ്ദേഹത്തിന്റെ മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്ന വാദങ്ങൾ ഉയരുന്നു.
എന്നാൽ അജിത്തിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. റേസിങ് ടീം നടത്തണമെങ്കിൽ പണം ആവശ്യമാണെന്നും ഇത്തരം പരസ്യത്തിൽ അഭിനയിക്കുന്നത് വഴി സ്‌പോൺസർമാർ വരുകയും അത് ടീമിനെ സംരക്ഷിക്കുകയും ചെയ്യുമെന്നും ചിലർ വാദിക്കുന്നുണ്ട്.