

എയർബസ് എ320 വിഭാഗത്തിൽപ്പെട്ട വിമാനങ്ങളിൽ സോഫ്റ്റ്വെയർ മാറ്റം നിർബന്ധമാക്കിയതിനെ തുടർന്ന് ആഗോള തലത്തിൽ ആറായിരത്തോളം എയർബസ് വിമാനങ്ങളുടെ സർവീസിനെ ബാധിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ 200 മുതൽ 250 വിമാനങ്ങളുടെ സർവീസ് വരെ താത്കാലികമായി തടസ്സം നേരിട്ടേക്കാം, ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ എയർ ലൈനുകളാണ് എ320 വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ ഉപയോഗിക്കുന്നത്.
അതിതീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോൾ സംബന്ധിച്ച വിവരങ്ങളെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സോഫ്റ്റ്വെയർ മാറ്റം നിർബന്ധമാക്കിയിരിക്കുന്നത്. സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യേണ്ട സമയത്ത് വിമാനങ്ങൾ നിലത്തിറക്കേണ്ടി വരും. ഇതുമൂലമാണ് വിമാനങ്ങൾ വൈകുവാനോ സർവീസുകൾ റദ്ദാക്കുവാനോ തന്നെ സാധ്യതയുള്ളത്.മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ എയർബസ് എയർലൈനുകൾക്ക് ഇതിനോടകം തന്നെ നിർദ്ദേശം നല്കിയിട്ടുണ്ട്.