

ന്യൂഡൽഹി: വിമാന ഇന്ധനവിലയിലുണ്ടായ അമിതമായ വർദ്ധനയെത്തുടർന്ന് എയർ ഇന്ത്യ പ്രതിദിന സർവീസുകളിൽ 10 ശതമാനത്തോളം കുറവ് വരുത്താൻ തീരുമാനിച്ചു. നിലവിൽ പ്രതിദിനം 1,100 വിമാനങ്ങൾ സർവീസ് നടത്തുന്ന എയർ ഇന്ത്യ, ലാഭകരമല്ലാത്ത നൂറോളം സർവീസുകളാകും ഒഴിവാക്കുക. ഇന്ധന ഉപഭോഗം കൂടുതലുള്ളതും എന്നാൽ ലാഭം കുറഞ്ഞതുമായ ഓസ്‌ട്രേലിയ, യൂറോപ്പ്, നോർത്ത് അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ ദീർഘദൂര റൂട്ടുകളെയാകും ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക.
ഫെബ്രുവരി അവസാനം ബാരലിന് 99.40 ഡോളറായിരുന്ന വിമാന ഇന്ധനവില ഏപ്രിൽ അവസാനത്തോടെ 179.46 ഡോളറിലേക്ക് കുതിച്ചുയർന്നു. ഏകദേശം 80 ശതമാനത്തോളം വർദ്ധനവാണ് ചുരുങ്ങിയ കാലയളവിൽ ഉണ്ടായത്. വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായി നീക്കിവെക്കേണ്ടി വരുന്ന സാഹചര്യത്തിൽ, സർവീസുകൾ വെട്ടിക്കുറയ്ക്കാതെ ലാഭകരമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ വിലയിരുത്തൽ.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഭൗമരാഷ്ട്രീയ തർക്കങ്ങളും ഇന്ധനവില വർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്. 2022-ൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം എയർ ഇന്ത്യയെ സാമ്പത്തികമായി ലാഭകരമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഇന്ധനവില വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. അന്താരാഷ്ട്ര സർവീസുകൾക്ക് പുറമെ തിരക്ക് കുറഞ്ഞ ചില ആഭ്യന്തര സർവീസുകളിലും മാറ്റം വരുത്തിയേക്കും.