വിമാനയാത്രക്കാർക്ക് തിരിച്ചടി; എയർ ഇന്ത്യ ഇന്ധന സർചാർജ് ഏർപ്പെടുത്തുന്നു, ടിക്കറ്റ് നിരക്ക് കൂടും

എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്‌സ്പ്രസിനും പുതിയ സർചാർജ് ബാധകമായിരിക്കും
എയർ ഇന്ത്യ വിമാനം
എയർ ഇന്ത്യ വിമാനം- ഫയൽ ചിത്രം
Published on

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധനത്തിന് (ATF) വില വർധിച്ച സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് ഉയർത്താനൊരുങ്ങി എയർ ഇന്ത്യ. ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ധന വിതരണത്തിലുണ്ടായ തടസ്സങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്‌സ്പ്രസിനും പുതിയ സർചാർജ് ബാധകമായിരിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് വർധന നടപ്പിലാക്കുന്നത്.

സർചാർജ് നിരക്കുകൾ ഇങ്ങനെ:

ഒന്നാം ഘട്ടം: ആഭ്യന്തര വിമാനങ്ങൾക്കും സാർക്ക് (SAARC) രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കും ടിക്കറ്റൊന്നിന് 399 രൂപ വർധിക്കും.

രണ്ടാം ഘട്ടം: ഗൾഫ് രാജ്യങ്ങളിലേക്ക് 10 ഡോളറും, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് 20 ഡോളറും, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് 30 ഡോളറും സർചാർജ് ഈടാക്കും.

മൂന്നാം ഘട്ടം: ജപ്പാൻ, ഹോങ്കോങ്, ദക്ഷിണ കൊറിയ തുടങ്ങിയ വിദൂര കിഴക്കൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളിലും വരും ദിവസങ്ങളിൽ വർധനയുണ്ടാകും.

ഒരു എയർലൈനിന്റെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. വിതരണ തടസ്സത്തിന് പുറമെ ഇന്ത്യയിലെ ഉയർന്ന നികുതി നിരക്കുകളും എയർലൈനുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാൽ, നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഈ വർധന ബാധകമാകില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. സാഹചര്യം വിലയിരുത്തി സർചാർജിൽ കൃത്യമായ ഇടവേളകളിൽ മാറ്റം വരുത്തുമെന്നും കമ്പനി അറിയിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au