
പ്രശസ്ത നടി സരോജ ദേവി(87) അന്തരിച്ചു. ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുഗ്, ഹിന്ദി, ഭാഷകളിലായി ഇരുന്നൂറിലധം സിനിമകളില്‍ അഭിനയിച്ചു.
തന്റെ 17-ാം വയസുമുതല്‍ നാടക വേദികളില്‍ സജീവമായിരുന്ന സരോജ വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെടുന്നത് 1958ല്‍ എംജിആറിനൊപ്പം നാടോടി മന്നനില്‍ അഭിനയിച്ചപ്പോള്‍ മുതലാണ്. പിന്നീട് തമിഴ് സിനിമാ രംഗത്ത് സരോജ ദേവിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1960കളില്‍ സരോജ സിനിമകളില്‍ ധരിച്ചിരുന്ന സാരിയും ആഭരണങ്ങളും ഹെയര്‍ സ്‌റ്റൈലും തെന്നിന്ത്യയിലാകെ ട്രെന്‍ഡായി. വിവിധ ഭാഷകളിലായി ഇരുന്നൂറിലേറെ സിനിമകളുടെ ഭാഗമായ സരോജത്തിന് എംജിആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, എന്‍ ടി രാമറാവു, രാജ്കുമാര്‍ തുടങ്ങിയവരുടെ കൂടെ അഭിനയിക്കാനായി.
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണിരുന്ന സരോജ ദേവിയെ ആരാധകര്‍ അഭിനയ സരസ്വതി, കന്നഡ പൈങ്കിളി മുതലായ പേരുകളിലാണ് വിളിച്ചിരുന്നത്. 53-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ ജൂറി അംഗം കൂടിയായിരുന്നു സരോജ ദേവി. 1969ല്‍ രാജ്യം പത്മശ്രീയും 1992ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നിരവധി തവണ സംസ്ഥാന പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.