വേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനം 2027 ഓഗസ്റ്റ് 19 മുതൽ വിർജീനിയയിൽ

ഹെർണ്ടണിലെ ഹയറ്റ് റീജൻസി ഡുള്ളസ് ഹോട്ടലിലാണ് മൂന്നു ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.
വേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനം 2027 ഓഗസ്റ്റ് 19 മുതൽ വിർജീനിയയിൽ
Published on: 

വിർജീനിയ: വേൾഡ് മലയാളി കൗൺസിലിന്റെ ആഗോള ദ്വിവത്സര സമ്മേളനം 2027 ഓഗസ്റ്റ് 19 മുതൽ 21 വരെ അമേരിക്കയിലെ വിർജീനിയയിൽ നടക്കും. ഹെർണ്ടണിലെ ഹയറ്റ് റീജൻസി ഡുള്ളസ് ഹോട്ടലിലാണ് മൂന്നു ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള മലയാളികളെ ഒരുമിപ്പിക്കുക, കേരളത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുക, മലയാളികൾക്കിടയിലെ സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും സമ്മേളനം വേദിയാകും.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ മുഖ്യ രക്ഷാധികാരിയായി സമ്മേളനത്തിന് നേതൃത്വം നൽകും. ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യു മുലമൂട്ടിൽ, ഗ്ലോബൽ ട്രഷറർ സണ്ണി ജി. വേലിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഗ്ലോബൽ വൈസ് പ്രസിഡന്റും അമേരിക്ക റീജിയൻ പ്രതിനിധിയുമായ ഡോ. തങ്കം അരവിന്ദ് എന്നിവർ സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അമേരിക്ക റീജിയൻ ചെയർമാൻ ഡോ. ഷിബു സാമുവൽ, പ്രസിഡന്റ് ബ്ലെസൺ മണ്ണിൽ, സെക്രട്ടറി മഞ്ജു സുരേഷ് മോഹൻകുമാർ, ഗ്ലോബൽ ഒസിഐ ഫോറം ചെയർമാൻ സാജു തുരുത്തേൽ എന്നിവർ സമ്മേളനത്തിന് സ്വാഗതം അറിയിച്ചു. പരിപാടികളുടെ വിശദാംശങ്ങളും തുടർപ്രഖ്യാപനങ്ങളും വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. വേദി: ഹയറ്റ് റീജൻസി ഡുള്ളസ്, 2300 ഡുള്ളസ് കോർണർ ബുളവാർഡ്, ഹെർണ്ടൺ, വിർജീനിയ 20171. കൂടുതൽ വിവരങ്ങൾക്ക്: www.wmcgc.com

Metro Australia
maustralia.com.au