

ഡിസംബർ 1 മുതൽ, വിർജിൻ ഓസ്‌ട്രേലിയ യാത്രക്കാർ പവർ ബാങ്കുകൾ കാണുന്ന വിധത്തിൽ സൂക്ഷിക്കുകയും വിമാനത്തിലുടനീളം എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന വിധത്തിൽ വയ്ക്കുകയും വേണം. വിമാനത്തിനുള്ളിൽ ഇവ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ അനുവദിക്കില്ല. ഒരാൾക്ക് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ അനുവദിക്കൂ. 100 വാട്ട്-മണിക്കൂറിന് മുകളിലുള്ള പവർ ബാങ്കുകൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്.
ക്വാണ്ടാസ്, ക്വാണ്ടാസ്‌ലിങ്ക്, ജെറ്റ്‌സ്റ്റാർ എന്നിവയും ഡിസംബർ 15 മുതൽ സമാന നിയമങ്ങൾ നടപ്പിലാക്കുമെന്ന് അറിയിച്ചു. ഇവയിൽ ഓരോ യാത്രക്കാരനും പരമാവധി 160 വാട്ട്-മണിക്കൂർ ശേഷിയുള്ള രണ്ട് പവർ ബാങ്കുകൾ മാത്രം കൈയിൽ കൊണ്ടുപോകാം
പവർ ബാങ്കുകളും മറ്റ് ലിഥിയം ബാറ്ററിയുള്ള ഉപകരണങ്ങളും വിമാനങ്ങൾക്ക് ഉണ്ടാക്കുന്ന അപകടസാധ്യത വർധിച്ചതാണ് കർശന നടപടികളുടെ കാരണം.എന്നാൽ, യാത്രക്കാർക്ക് സീറ്റിൽ നൽകിയിരിക്കുന്ന USB അല്ലെങ്കിൽ വൈദ്യുതി പോയിന്റുകൾ ഉപയോഗിച്ച് ഫോണുകൾ പോലുള്ള മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ അവസരം തുടരും.
ജൂലൈയിൽ സിഡ്‌നിയിൽ നിന്ന് ഹൊബാർട്ടിലേക്കുള്ള വിർജിൻ വിമാനത്തിൽ ഒരു ഓവർഹെഡ് കമ്പാർട്ടുമെന്റിൽ ഒരു പവർ ബാങ്കിന് തീപിടിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്ന് ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB) അറിയിച്ചു. 2016 മുതൽ ഓസ്‌ട്രേലിയയിലോ ഓസ്‌ട്രേലിയയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങളിലോ പവർ ബാങ്കുകൾ ഉൾപ്പെട്ട അഞ്ച് വിമാനത്തിനുള്ളിൽ തീപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എടിഎസ്ബി പറഞ്ഞു.