ഡാര്‍വിന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി20യിൽ ഓസീസ് 17 റണ്‍സിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 178 റണ്‍സിനു ഓള്‍ ഔട്ടായി. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സില്‍ അവസാനിച്ചു. 3 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ഹെയ്‌സല്‍വുഡ്, ബെന്‍ ഡ്വാര്‍ഷുയിസ് എന്നിവരുടെ മികച്ച ബൗളിങ് പ്രോട്ടീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ആദം സാംപ രണ്ടും ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരു വിക്കറ്റും വീഴ്ത്തി. 71 റണ്‍സെടുത്ത റിയാന്‍ റികല്‍ടനും 37 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സും മാത്രമാണ് പൊരുതിയത്. മറ്റാരും ക്രീസില്‍ അധികം നില്‍ക്കാഞ്ഞത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.
ആദ്യം ബാറ്റിങിനു ഇറങ്ങിയ ഓസ്ട്രേലിയക്കായി ടിം ഡേവിഡ് കത്തും ഫോം ആവര്‍ത്തിച്ചു. ഒരുവേള തകര്‍ച്ച മുന്നില്‍ കണ്ട ഓസീസിനെ 52 പന്തില്‍ 8 സിക്സും 4 ഫോറും സഹിതം 83 റണ്‍സ് അടിച്ചെടുത്ത് ടിം ഡേവിഡ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. 13 പന്തില്‍ 35 റണ്‍സടിച്ച് കാമറോണ്‍ ഗ്രീന്‍ ഡേവിഡിനെ പിന്തുണച്ചു. താരം 3 സിക്സും 4 ഫോറും പറത്തി.
ടി20 ലോകകപ്പിലടക്കം ഓപ്പണ്‍ ചെയ്യുമെന്നു പ്രഖ്യാപിച്ച ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്- ട്രാവിസ് ഹെഡ് സഖ്യം ആദ്യ പോരില്‍ ക്ലിക്കായില്ല. മാര്‍ഷ് 13 റണ്‍സുമായി മടങ്ങി. താരം ഒരു സിക്സും ഫോറുമടിച്ച് മികവോടെ തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. ഹെഡ് 7 പന്തില്‍ 2 റണ്‍സുമായി മടങ്ങി. 19കാരനായ യുവ താരം ക്വെയ്ന എംഫകയുടെ മികച്ച ബൗളിങാണ് ഓസീസിനെ വെട്ടിലാക്കിയത്. താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി. കഗിസോ റബാഡ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ലുന്‍ഗി എന്‍ഗിഡി, ജോര്‍ജ് ലിന്‍ഡെ, സെനുരന്‍ മുത്തുസാമി എന്നിവര്‍ ഓരോ വിക്കറ്റെടെത്തു.