നിയന്ത്രണാതീതമായ ഡീസൽ വില; ഓസ്‌ട്രേലിയൻ ചരക്കുഗതാഗത മേഖല തകർച്ചയുടെ വക്കിൽ

അനാവശ്യമായ ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും പൊതുഗതാഗതം ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്‌ രാജ്യത്തോട് അഭ്യർത്ഥിച്ചു.
ഓസ്‌ട്രേലിയൻ ചരക്കുഗതാഗത മേഖല തകർച്ചയുടെ വക്കിൽ
ഓസ്‌ട്രേലിയൻ ചരക്കുഗതാഗത മേഖല തകർച്ചയുടെ വക്കിൽ
Published on

മെൽബൺ: പശ്ചിമേഷ്യൻ സംഘർഷം ആഗോള എണ്ണവിപണിയെ പിടിച്ചുലച്ചതോടെ ഓസ്‌ട്രേലിയയിൽ ഡീസൽ വില റെക്കോർഡ് ഉയരത്തിൽ. ഒരു ലിറ്റർ ഡീസലിന് ശരാശരി 312.7 സെന്റ് എന്ന നിരക്കിലേക്കാണ് വില ഉയർന്നത്. യുദ്ധത്തിന് മുൻപ് ഇത് 180.2 സെന്റ് ആയിരുന്നു. പെട്രോൾ വിലയും 171 സെന്റിൽ നിന്ന് 240.1 സെന്റിലേക്ക് വർദ്ധിച്ചു. ഇതോടെ രാജ്യത്തെ ലോറി ഉടമകളും ഡ്രൈവർമാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

ഇരട്ടി ചിലവ്: മുൻപ് ഒരു ലോറിയിൽ ഇന്ധനം നിറയ്ക്കാൻ 3,600 ഡോളർ മതിയായിരുന്നുവെങ്കിൽ ഇപ്പോഴത് 7,500 ഡോളറായി (ഏകദേശം 6.2 ലക്ഷം രൂപ) വർദ്ധിച്ചു. പല കമ്പനികളുടെയും പ്രതിമാസ ഇന്ധന ബില്ലുകൾ 1.5 ലക്ഷം ഡോളറിൽ നിന്ന് 3 ലക്ഷം ഡോളറായി ഇരട്ടിച്ചു.

ലോണുകൾ പരിഹാരമല്ല: ഗതാഗത മേഖലയെ സഹായിക്കാൻ സർക്കാർ 100 കോടി ഡോളറിന്റെ പലിശരഹിത വായ്പകൾ പ്രഖ്യാപിച്ചെങ്കിലും അത് കടബാധ്യത വർദ്ധിപ്പിക്കുകയേ ഉള്ളൂവെന്നാണ് ഉടമകളുടെ പക്ഷം. ഡീസൽ സബ്‌സിഡിയോ നേരിട്ടുള്ള ധനസഹായമോ വേണമെന്നാണ് ഇവരുടെ ആവശ്യം.

വിതരണ ശൃംഖലയിലെ തടസ്സം: ഇന്ധന ചിലവ് താങ്ങാനാവാതെ പല ലോറി ഉടമകളും സർവീസുകൾ നിർത്തിവെക്കുകയാണ്. നഗരങ്ങളിലെ ഭക്ഷണവും അവശ്യവസ്തുക്കളും ഉൾപ്പെടെയുള്ള സകല സാധനങ്ങളും ലോറികളിലാണ് എത്തുന്നത് എന്നതിനാൽ, ഇത് രാജ്യത്ത് വലിയ ക്ഷാമത്തിന് വഴിതെളിച്ചേക്കാം.

ഇന്ധനക്ഷാമം: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലേക്കുള്ള പ്രധാന പാതയായ നള്ളാർബർ പ്ലെയിനിൽ (Nullarbor Plain) പല ഇന്ധന സ്റ്റേഷനുകളിലും ഡീസൽ സ്റ്റോക്ക് തീരുന്നത് ലോറി ഡ്രൈവർമാരെ വലയ്ക്കുന്നുണ്ട്.

അനാവശ്യമായ ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും പൊതുഗതാഗതം ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്‌ രാജ്യത്തോട് അഭ്യർത്ഥിച്ചു. എന്നാൽ ചരക്കുനീക്കം നടത്തുന്ന ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാവില്ല. "നിങ്ങൾ ഉപയോഗിക്കുന്ന ഫോൺ മുതൽ കഴിക്കുന്ന ഭക്ഷണം വരെ ഒരു ലോറിയിൽ വന്നതാണ്" എന്ന് ഡ്രൈവർമാർ ഓർമ്മിപ്പിക്കുന്നു. ഇന്ധനവില ഉടൻ കുറഞ്ഞില്ലെങ്കിൽ ഓസ്‌ട്രേലിയ വലിയൊരു സപ്ലൈ ചെയിൻ ദുരന്തത്തിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Related Stories

No stories found.
Metro Australia
maustralia.com.au