

സിഡ്‌നി: വസന്തകാലത്തിന്റെ വരവോടെ ബീച്ചുകളിലും കഫേകളിലും ഔട്ട്ഡോർ പാർക്കുകളിലുമിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന പ്രവണത ഓസ്‌ട്രേലിയയിൽ വർദ്ധിച്ചുവരികയാണ്. സുന്ദരമായ കാലാവസ്ഥ ആസ്വദിക്കാൻ ആളുകൾ പൊതുസ്ഥലങ്ങളെ ഓഫീസാക്കി മാറ്റുമ്പോൾ പാലിക്കേണ്ട മര്യാദകളും ശ്രദ്ധിക്കേണ്ട എർഗണോമിക്സ് (Ergonomics) നിയമങ്ങളും വ്യക്തമാക്കിയിരിക്കുകയാണ് വിദഗ്ദ്ധർ.
ഒരു ചെറിയ കോഫി മാത്രം ഓർഡർ ചെയ്ത് മണിക്കൂറുകളോളം കഫേകളിലെ സീറ്റുകൾ കൈയടക്കി വെക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ദ്ധ ജോ ഹെയ്സ് മുന്നറിയിപ്പ് നൽകുന്നു. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ സാധനങ്ങൾ ഓർഡർ ചെയ്യാനും, ഫോൺ കോളുകൾക്കോ മീറ്റിംഗുകൾക്കോ ഒരിക്കലും ലൗഡ് സ്പീക്കർ ഉപയോഗിക്കാതെ ഹെഡ്‌ഫോണുകൾ നിർബന്ധമാക്കാനും അവർ ഓർമ്മിപ്പിക്കുന്നു. മണിക്കൂറുകളോളം കൂനിയിരുന്ന് ഔട്ട്ഡോർ കസേരകളിൽ ജോലി ചെയ്യുന്നത് നടുവേദനയ്ക്കും ശാരീരിക ബുദ്ധിമുട്ടുകൾക്കും കാരണമാകുമെന്ന് എർഗണോമിക്സ് വിദഗ്ദ്ധ ക്ലെയർ ഫോളണ്ടും ചൂണ്ടിക്കാട്ടുന്നു. ലാപ്‌ടോപ്പ് സ്റ്റാൻഡ്, എക്സ്റ്റേണൽ കീബോർഡ് എന്നിവ ഉപയോഗിക്കാനും, സ്ക്രീനിലേക്ക് നേരിട്ട് വെയിൽ അടിക്കാത്ത തണലുള്ള ഇടങ്ങൾ തിരഞ്ഞെടുക്കാനും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.