പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ജഡ്ജിമാരുടെയും മജിസ്‌ട്രേറ്റുമാരുടെയും മോശം പെരുമാറ്റം, മാനസിക ക്ഷമത എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുന്നതിനായി പ്രത്യേക സ്വതന്ത്ര നിരീക്ഷണ സമിതി (Independent Watchdog) രൂപീകരിക്കുന്നു. ഇതുസംബന്ധിച്ച പുതിയ നിയമനിർമ്മാണം ഈ ആഴ്ച സംസ്ഥാന പാർലമെന്റിൽ അവതരിപ്പിക്കും. ഒൻപത് അംഗങ്ങൾ അടങ്ങുന്ന 'ജുഡീഷ്യൽ കമ്മീഷൻ ആണ് ഇതിനായി രൂപീകരിക്കുന്നത്. കോടതികളിൽ ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണിപ്പെടുത്തലുകൾ, പീഡനങ്ങൾ, സാക്ഷികളോടോ വക്കീലന്മാരോടോ നടത്തുന്ന അനുചിതമായ പരാമർശങ്ങൾ തുടങ്ങിയവയെല്ലാം ഈ കമ്മീഷന്റെ പരിധിയിൽ വരും.
സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയിൽ പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ഡബ്ല്യു.എ അറ്റോർണി ജനറൽ ടോണി ബൂട്ടി പറഞ്ഞു. ഏതൊരു വ്യക്തിക്കും സംഘടനയ്ക്കും ജഡ്ജിമാർക്കെതിരെ ഈ സമിതിയിൽ പരാതി നൽകാം. എന്നാൽ കോടതി വിധികളുടെയോ ശിക്ഷകളുടെയോ യോഗ്യതയെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷന് അധികാരമുണ്ടായിരിക്കില്ല; അവ നിലവിലുള്ള അപ്പീൽ കോടതികൾ വഴി തന്നെ തുടരും. കമ്മീഷനിൽ ആറ് ജുഡീഷ്യൽ തലവന്മാരും ഒരു നിയമവിദഗ്ദ്ധൻ ഉൾപ്പെടെ മൂന്ന് പൊതുജന പ്രതിനിധികളും ഉണ്ടായിരിക്കും. പരാതികൾ ഗൗരവമുള്ളതാണെങ്കിൽ അവ രണ്ട് ജഡ്ജിമാരും ഒരു പ്രമുഖ പൊതുപ്രവർത്തകനും അടങ്ങുന്ന പ്രത്യേക അന്വേഷണ പാനലിന് കൈമാറും. കുറ്റം തെളിയിക്കപ്പെട്ടാൽ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കുകയും ഇരുസഭകളുടെയും അനുമതിയോടെ ഗവർണർക്ക് പ്രസ്തുത ജഡ്ജിയെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ ശുപാർശ നൽകുകയും ചെയ്യാം.
പ്രതിപക്ഷവും ചീഫ് ജസ്റ്റിസും തീരുമാനത്തെ സ്വാഗതം ചെയ്തു:
ഓസ്‌ട്രേലിയയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായി ജുഡീഷ്യൽ കമ്മീഷൻ കൊണ്ടുവരുന്ന ഈ തീരുമാനത്തെ പ്രതിപക്ഷ ഷാഡോ അറ്റോർണി ജനറൽ നിക്ക് ഗോയ്‌റാനും ഡബ്ല്യു.എ ചീഫ് ജസ്റ്റിസ് പീറ്റർ ക്വിൻലാനും സ്വാഗതം ചെയ്തു. കമ്മീഷന്റെ ഘടനയെയും നിയമങ്ങളെയും പാർലമെന്റിൽ കൃത്യമായി പരിശോധിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവും സുതാര്യതയും നിലനിർത്താൻ ഇത്തരമൊരു ഔദ്യോഗിക സംവിധാനം ഏറെ സഹായകരമാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പരാതികൾ അന്വേഷിക്കുന്നതിനൊപ്പം ഗാർഹിക പീഡനം പോലുള്ള സങ്കീർണ്ണമായ കേസുകൾ ജഡ്ജിമാർ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള പ്രത്യേക പരിശീലനങ്ങളും കമ്മീഷൻ നൽകും. പുതിയ നിയമം പാസായാൽ 2027 അവസാനത്തോടെ കമ്മീഷൻ പൂർണ്ണ സജ്ജമായി പ്രവർത്തിച്ചു തുടങ്ങും.