

പെർത്ത്: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള ഇന്ധനവില വർദ്ധനവും വളത്തിന്റെ ലഭ്യതക്കുറവും പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ (WA) ഭക്ഷ്യമേഖലയെ തളർത്തുന്നു. വരും മാസങ്ങളിൽ ഭക്ഷണസാധനങ്ങൾക്ക് വില കൂടുന്നത് അനിവാര്യമാണെന്ന് മന്ത്രി ജാക്കി ജാർവിസ് വ്യക്തമാക്കി. ഇന്ധനത്തിനും വളത്തിനുമായി ചിലവാക്കുന്ന തുകയും വിളവെടുപ്പിലൂടെ ലഭിക്കുന്ന വരുമാനവും തമ്മിൽ പൊരുത്തപ്പെടാത്ത അവസ്ഥയിലാണ് കർഷകർ. ഇത് കൃഷിയിൽ നിന്ന് പലരെയും പിന്നോട്ട് വലിക്കുമോ എന്ന ആശങ്കയും സർക്കാർ പങ്കുവെക്കുന്നു.
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാക്കറ്റ് ഭക്ഷണങ്ങളിൽ 80 ശതമാനവും നള്ളാർബർ പ്ലെയിൻ വഴി മറ്റ് ഭാഗങ്ങളിൽ നിന്ന് എത്തുന്നവയാണ്. ചരക്ക് കൂലി വർദ്ധിക്കുന്നത് ഇവയുടെ വിലയെയും നേരിട്ട് ബാധിക്കും. ക്ഷീരകർഷകരാണ് നിലവിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. പാലിന്റെ ഉത്പാദന ചിലവ് താങ്ങാനാവില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. പ്രതിസന്ധി ലഘൂകരിക്കുന്നതിനായി പാൽ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ കൊണ്ടുപോകുന്ന ട്രക്കുകൾക്ക് 10 ടൺ അധിക ഭാരം വഹിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
വാഴപ്പഴത്തിന് 20 ശതമാനം വില കൂടി
പ്രകൃതിക്ഷോഭങ്ങളും വിപണിയെ ബാധിച്ചിട്ടുണ്ട്. നരേൽ (Narelle) ചുഴലിക്കാറ്റിൽ കാർനാർവോണിലെ (Carnarvon) 90 ശതമാനം വാഴകൃഷിയും നശിച്ചതോടെ വാഴപ്പഴത്തിന് വിപണിയിൽ 20 ശതമാനം വില വർദ്ധിച്ചു. ഒരു ബാഗ് വാഴപ്പഴത്തിന്റെ വില 4 ഡോളറിൽ നിന്ന് 6 ഡോളറായി ഉയർന്നു. ജീവിതച്ചിലവ് വർദ്ധിച്ചതോടെ ജനങ്ങൾ കുറഞ്ഞ ചിലവിലുള്ള ഭക്ഷണങ്ങളിലേക്ക് മാറുകയാണ്. ഇറച്ചിക്ക് പകരം വില കുറഞ്ഞ ചിക്കനും മിൽക്ക് പൗഡറുകളും കൂടുതൽ വിറ്റഴിയുന്നതായി വ്യാപാരികൾ നിരീക്ഷിക്കുന്നു. വരും ദിവസങ്ങളിൽ പെട്രോൾ വില കൂടുന്നതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.