ഗാർഹിക പീഡന കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച; WA സർക്കാരിനെതിരെ ഓംബുഡ്‌സ്‌മാൻ റിപ്പോർട്ട്

2024 നവംബറിൽ സഹായം തേടിയ 388 കുടുംബങ്ങളുടെ കേസുകൾ പഠനവിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാരിനെതിരെ ഓംബുഡ്‌സ്‌മാൻ റിപ്പോർട്ട്
വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാരിനെതിരെ ഓംബുഡ്‌സ്‌മാൻ റിപ്പോർട്ട് ABC News: Rhiannon Shine
Published on

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് അർഹമായ സുരക്ഷയും സഹായവും നൽകുന്നതിൽ പോലീസ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ പരാജയപ്പെടുന്നതായി ഡബ്ല്യു.എ ഓംബുഡ്‌സ്‌മാൻ ബെവൻ വാർണർ. 2024 നവംബറിൽ സഹായം തേടിയ 388 കുടുംബങ്ങളുടെ കേസുകൾ പഠനവിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതിൽ പകുതിയിലധികം കേസുകളും അതിതീവ്രമായ അപകടസാധ്യതയുള്ളവ (High Risk) ആയിരുന്നിട്ടും, വെറും 2.5 ശതമാനം കേസുകൾ മാത്രമാണ് വിവിധ ഏജൻസികളുടെ സംയുക്ത ഇടപെടലിനായി കൈമാറിയത്.

റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:

അപകടസാധ്യത: ഗുരുതരമായ പരിക്കുകൾക്കോ ജീവഹാനിക്കോ സാധ്യതയുള്ള കേസുകളിൽ പോലും ഇരകൾക്ക് ആവശ്യമായ സംരക്ഷണം ലഭിക്കുന്നില്ല.

കുട്ടികളുടെ സുരക്ഷ: പീഡന സംഭവങ്ങളിൽ 40 ശതമാനത്തിലും കുട്ടികളുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ ഇവർക്ക് ആവശ്യമായ പ്രത്യേക പിന്തുണ നൽകുന്നതിൽ പരാജയപ്പെട്ടു.

കുറ്റവാളികളുടെ എണ്ണം: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗാർഹിക പീഡനക്കേസുകളിൽ ഇരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായത്. പ്രതികളിൽ 80 ശതമാനവും പുരുഷന്മാരാണ്. ഒരു കേസിൽ 81 തവണ ഗാർഹിക പീഡനത്തിൽ ഏർപ്പെട്ട വ്യക്തിയെക്കുറിച്ച് പരാമർശമുണ്ട്.

റിപ്പോർട്ടിലെ കണ്ടെത്തലുകൾ അത്യന്തം ഗൗരവകരമാണെന്നും ഇത് സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ അപകടത്തിലാക്കുമെന്നും സെന്റർ ഫോർ വിമൻസ് സേഫ്റ്റി സിഇഒ അലിസൺ ഇവാൻസ് പറഞ്ഞു. അതേസമയം, റിപ്പോർട്ടിലെ വിവരങ്ങൾ പഴയതാണെന്നും 2024-ന് ശേഷം ഈ മേഖലയിൽ 60 ദശലക്ഷം ഡോളറിന്റെ അധിക നിക്ഷേപം സർക്കാർ നടത്തിയിട്ടുണ്ടെന്നും മന്ത്രി ജെസീക്ക സ്റ്റോജ്കോവ്സ്കി പാർലമെന്റിനെ അറിയിച്ചു. ഹൈ-റിസ്ക് കേസുകൾ കൈകാര്യം ചെയ്യാൻ 34 പുതിയ ഫാമിലി സേഫ്റ്റി ഓഫീസർമാരെ നിയമിച്ചതായും സർക്കാർ വ്യക്തമാക്കി.

Related Stories

No stories found.
Metro Australia
maustralia.com.au